തൃശൂർ: കൊലക്കേസ് പ്രതിയായ തടവുപുള്ളി വിയ്യൂർ സെൻട്രൽ ജയിലിൽനിന്നു ചാടിപ്പോയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.സംഭവദിവസം തടവുകാരുടെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ സുജീഷിനെയാണ് സസ്പെൻഡ് ചെയ്തത്.
ജയിൽ ജീവനക്കാരുടെ വിശ്വസ്തനായ തടവുകാരനായി കഴിഞ്ഞിരുന്ന എറണാകുളം പുത്തൻകുരിശ് സ്വദേശി രഞ്ജനാണ് കൃഷിയിടത്തിലേക്ക് ട്രാക്ടറോടിക്കാൻ വിട്ടപ്പോൾ കടന്നുകളഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ജയിൽ ചാടി ഒരാഴ്ചയാവുന്പോഴും ഇയാളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. എറണാകുളത്തെ വീട്ടിലും ബന്ധുവീടുകളിലുമൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇയാൾ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന. വാഹന പരിശോധനകളും മറ്റും കർശനമാക്കി എല്ലാ അന്വേഷണവും നടത്തിയിട്ടും തടവുകാരൻ ഇപ്പോഴും ഒളിവിൽതന്നെയാണ്. രണ്ടു സംഘമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ജയിലിൽനിന്നും രക്ഷപ്പെട്ടയുടൻ ഇയാൾ തമിഴ്നാട്ടിലേക്കു കടന്നിരിക്കാമെന്നു സംശയിക്കുന്നു. ഫോണ്‍ ഉപയോഗിച്ചാൽ പെട്ടെന്നു കണ്ടെത്താനാകും. എന്നാൽ, ആരുമായും ഇയാൾ ബന്ധപ്പെട്ടതായി വിവരമില്ല. തടവുകാരൻ രക്ഷപ്പെട്ട സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ജയിൽ ഡിജിപിക്കു സമർപ്പിച്ചിരുന്നു. ഇതനുസരിച്ചാണ് നടപടിയുണ്ടായത്.
വിശ്വസ്തന്മാരായി ഇനി ആരെയും കാണേണ്ടെന്നും എല്ലാവരെയും കർശനമായി നിരീക്ഷിക്കണമെന്നും ഡിജിപി നിർദേശം നല്‍കിയിട്ടുണ്ട്. ജോലി ചെയ്യാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജയിൽ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.