സ്വന്തം ലേഖകൻ
വിയ്യൂർ: പൊളിച്ചുകളയാൻ ഉത്തരവിട്ട വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പഴയകാല ക്വാർട്ടേഴ്സ് കുറഞ്ഞചിലവിൽ നന്നാക്കിയെടുത്ത് വിയ്യൂർ ജയിൽ സൂപ്രണ്ടും അന്തേവാസികളും ജീവനക്കാരും ചരിത്രസ്മാരകത്തെ കാത്തുസംരക്ഷിച്ചു.
വിയ്യൂർ ജയിൽ കോന്പൗണ്ടിനോടു ചേർന്ന് ബ്രിട്ടീഷുകാർ നിർമിച്ച പഴയ ക്വാർട്ടേഴ്സാണ് കാലപ്പഴക്കത്താൽ ജീർണിച്ചപ്പോൾ പൊളിച്ചുമാറ്റാൻ മുകളിൽ നിന്ന് വിയ്യൂർ ജയിലധികൃതർക്ക് ഉത്തരവ് വന്നത്.
കെട്ടിടത്തെ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ എന്തു ചിലവു വരുമെന്ന് അധികൃതർ അന്വേഷിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് ഏഴു ലക്ഷവും മറ്റു ഏജൻസികൾ പത്തു ലക്ഷവും ചിലവറിയിച്ചു.
എന്നാൽ ഇത് അംഗീകരിക്കാൻ ജയിൽ സൂപ്രണ്ട് എ.ജെ.സുരേഷ്കുമാർ തയ്യാറായില്ല. ജയിലിൽ വികസനപ്രവർത്തനങ്ങൾ കുറഞ്ഞ ചിലവിൽ നടത്തി പരിചയമുള്ള സൂപ്രണ്ട് കെട്ടിട നിർമാണത്തിൽ പരിചയസന്പന്നരായ ജയിലിലെ തടവുകാരുമായി എങ്ങിനെ കുറഞ്ഞ ചിലവിൽ ഈ ചരിത്രകാല കെട്ടിടം പുതുക്കി പണിത് സംരക്ഷിക്കാമെന്ന് ചർച്ച ചെയ്തു. സാധനസാമഗ്രികൾ വാങ്ങി നൽകിയാൽ തങ്ങൾ കെട്ടിടം പുതുക്കി പണിത് തരാമെന്നായി അന്തേവാസികൾ.
തുടർന്ന് ജയിലിലെ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന് ബാക്കിയായതും വലിയ കേടില്ലാത്തതുമായ മര ഉരുപ്പടികളും മാർബിളും ഗ്രാനൈറ്റും ടൈൽസുമെല്ലാം പഴയ ക്വാർട്ടേഴ്സിന് പുതിയമുഖം നൽകി സുന്ദരമാക്കാൻ ഉപയോഗപ്പെടുത്തി.
ഒരു മാസം കൊണ്ട് പഴയ ഇരുനില കെട്ടിടത്തിനെ ആരും കൊതിക്കുന്ന തരത്തിൽ മനോഹമായി പുനർനിർമിച്ചു. ഏഴും പത്തും ലക്ഷം രൂപ ചിലവ് പറഞ്ഞ സ്ഥാനത്ത് ആകെ ചിലവുവന്നത് വെറും എഴുപത്തി അയ്യായിരം രൂപ മാത്രം!!
കെട്ടിടത്തിന്റെ മുഴുവൻ പട്ടികകളും ഓടുകളും മാറ്റി. അടുക്കളയും കുളിമുറിയുമെല്ലാം മനോഹരമാക്കി. മാർബിൾ കഷ്ണങ്ങൾ കൊണ്ട് അകം നല്ല ഭംഗിയാക്കി.
പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ചെത്തിമിനുക്കി സിമന്റ് പ്രൂഫിംഗ് നടത്തി. ക്വാർട്ടേഴ്സിന് മുന്നിൽ തുളസിത്തറയും നിർമിച്ചു. രണ്ടു തെങ്ങുകൾ ക്വാർട്ടേഴ്സിനു മുന്നിൽ നട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ജയില് സന്ദർശിക്കാനെത്തിയ ജയിൽ ഡിജിപ ഈ ക്വാർട്ടേഴ്സിന്റെ ന്യൂ ലുക്ക് കണ്ട്് അത്ഭുതപ്പെടുകയും ഇതിന് മുൻകയ്യെടുത്ത ജയിൽ സൂപ്രണ്ടിനേയും കുറഞ്ഞ ചിലവിൽ കെട്ടിടം പുതുക്കി സംരക്ഷിച്ച ജയിൽ അന്തേവാസികളേയും അഭിനന്ദിക്കുകയും ചെയ്തു.
ക്വാർട്ടേഴ്സിന് മുന്നിൽ നിറയെ ചെടികൾ വെച്ച് പിടിപ്പിക്കാനും ജയിൽ ഡിജിപി നിർദ്ദേശിച്ചു.
സമീപത്തെ കേടുവന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് പകരം അവയ്ക്കാവശ്യമായ പരിചരണം വനംവകുപ്പിന്റെ സഹായത്തോട നൽകി അവയെ സംരക്ഷിച്ച് പച്ചപ്പ് നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
നവീകരിച്ച ക്വാർട്ടേഴ്സ് അടുത്തയാഴ്ച ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന് താമസിക്കാൻ വിട്ടുകൊടുക്കും.