ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്നയാള്‍ മൂന്നര പതിറ്റാണ്ടിന് ശേഷം ലോകം കണ്ടു.
ഫ്ലോറിഡയിൽ 34 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ആദ്യമായി ലോകം കണ്ട ജയില്‍പുള്ളി ആദ്യം പറഞ്ഞത് അമ്മയെ കാണണമെന്ന്.
1988 -ൽ നടന്ന ഒരു സായുധ കൊള്ളയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിഡ്നി ഹോംസ് എന്നയാളാണ് പുറത്തുവന്നത്.
400 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹോംസ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് 34 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചത്.
‘എന്റെ അമ്മയെ ആലിംഗനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു തന്നെ മോചിപ്പിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും കൂടെ നിന്ന ഇന്നസൻസ് പ്രൊജക്ട് ഓഫ് ഫ്ലോറിഡ എന്ന എൻജിഒയ്ക്ക് നല്കിയ പ്രസ്താവനയില്‍ ഹോംസ് പറഞ്ഞത്.
‘‘എന്റെ പ്രതീക്ഷ ഒരിക്കലും അസ്തമിച്ചിട്ടില്ലായിരുന്നു. ഒരിക്കല്‍ ഈ ദിവസം വരുമെന്ന് അറിയാമായിരുന്നു.
ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് നല്ല കാലം മുഴുവനും ജയിലിനുള്ളില്‍ വിനിയോഗിക്കേണ്ടി വന്നത്. ’’ ഹോംസ് പറഞ്ഞു.
1988 ജൂണിൽ നടന്ന ഒരു കവര്‍ച്ചാകേസില്‍ മോഷ്ടാക്കളെ രക്ഷിച്ച ഡ്രൈവര്‍ എന്ന് ആരോപിച്ചാണ് ഹോംസിനെ അറസ്റ്റ് ചെയ്തത്.
ഹോംസിന്റെ കാറായി തെറ്റിദ്ധരിക്കപ്പെട്ടത് മറ്റൊരു കാറാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് മോചനമായത്.
ജയിലില്‍ കഴിഞ്ഞ കാലമത്രയും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ഹോംസ്.
1989 ഏപ്രിലിലായിരുന്നു ഹോംസിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 400 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. എന്നാല്‍ മുന്ന് പതിറ്റാണ്ടിന് ശേഷം ഹോംസിന് 57 ാം വയസ്സില്‍ മോചനം കിട്ടി.
2020 നവംബറില്‍ ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേറ്റിലെ കണ്‍വിക്ഷന്‍ റിവ്യൂ യൂണിറ്റുമായി ബന്ധപ്പെട്ടതാണ് ഹോംസിന്റെ മോചനത്തില്‍ വഴിത്തിരിവായി മാറിയത്.
തുടര്‍ന്ന് ഫ്ളോറിഡയിലെ ഇന്നസെന്‍സ് പ്രൊജക്ട് ഹോംസിന്റെ കേസ് പുനരന്വേഷണം നടത്തി. ഹോംസിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റത്തില്‍ ഒന്നൊന്നായി സംശയം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.
ഹോംസിന്റെ കാര്യത്തില്‍ പരിചിതമല്ലാത്ത കാരണങ്ങള്‍ പലതും കണ്ടെത്തി. അതിലൊന്ന് കുറ്റവാളികള്‍ ഉപയോഗിച്ച കാര്‍ സംബന്ധിച്ചതായിരുന്നു.
കൊള്ള നടത്താന്‍ ഉപയോഗിച്ചത് തവിട്ട് നിറത്തിലുള്ള ട്രങ്കില്‍ ദ്വാരമുള്ള ടാന്‍ ടോപ്പ് ഓള്‍ഡ്സ്മൊബൈല്‍ കട്ട്ക്ലാസ്സ് കാര്‍ എന്നായിരുന്നു രണ്ട് ഇരകള്‍ നല്കിയ മൊഴി.
ആഴ്ചകള്‍ക്ക് ശേഷം ഇരയുടെ സഹോദരന് ഒരു തവിട്ടു നിറമുള്ള കട്ട്ലാസ് കാര്‍ റോഡിലൂടെ പോകുന്നത് കാണുകയും അതിന്റെ നമ്പര്‍ വിളിച്ചു പറയുകയും ചെയ്തു.
ഈ കാര്‍ ഹോംസിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തതായിരുന്നു. അതേസമയം ശാരീകമായോ ശാസ്ത്രമായതോ ആയ ഒരു തെളിവും കൂടാതെയാണ് ഹോംസിനെ കേസില്‍ ചേര്‍ത്തതെന്ന് ഇന്നസെന്‍സ് പ്രൊജക്ട് പറയുന്നു.
കുറ്റവാളിയെ കണ്ടെത്താനുള്ള തിരിച്ചറിയല്‍ പരേഡില്‍ ആറുപേരുടെ ഫോട്ടോയില്‍ നിന്നും ഇര ആദ്യതവണ ഹോംസിന്റെ ഫോട്ടോ എടുത്തിരുന്നില്ല.
എന്നാല്‍ രണ്ടാം തവണ ഇയാള്‍ തെരഞ്ഞെടുത്തത് ഹോംസിന്റെ ചിത്രമായിരുന്നു. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ആരുടേയും കണ്ണു നനയിക്കുന്ന വീഡിയോയില്‍ ഹോംസ് അമ്മയെ ആലിംഗനം ചെയ്യുന്നത് കാണാം.