സ്വന്തം ലേഖകൻ
കണ്ണൂർ: 70 വയസ് കഴിഞ്ഞവരെ ജയിലിൽനിന്നു മോചിതരാക്കാനുള്ള നടപടികൾ മൂന്നുവർഷമായി അനിശ്ചിതത്വത്തിൽ. 70 വയസ് കഴിഞ്ഞവരുടെയും കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ചവരുടെയും ജയിൽമോചന നടപടികളാണ് കഴിഞ്ഞ മൂന്നുവർഷമായി അനിശ്ചിതത്തിലായിരിക്കുന്നത്.
ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ പി.കെ. കുഞ്ഞനന്തനെ 70 വയസ് തികഞ്ഞവരുടെ പട്ടികയിൽ ഉൾപ്പെടുത്തി മോചിപ്പിക്കാൻ ശ്രമം നടത്തിയത് ഏറെ വിവാദമായിരുന്നു. തടവുകാരെ മോചിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്ന് പട്ടിക ഒപ്പിടാതെ ഗവർണർ മടക്കി അയയ്ക്കുകയായിരുന്നു. പിന്നീടുള്ള തടവുകാരുടെ മോചന പട്ടികയിൽ ഗവർണർ ഇതുവരെയും ഒപ്പുവച്ചിട്ടില്ല.
തടവുകാരുടെ മോചനം സംബന്ധിച്ച് ജയിൽ അഡ്വൈസറി ബോർഡ് യോഗം ചേർന്നാണ് തീരുമാനമെടുക്കേണ്ടത്. ജയിൽ ഡിജിപി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി , സെക്ഷൻ ജഡ്ജി, വെൽഫെയർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഭരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെയും അഡ്വൈസറി ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറു മാസം കൂടുന്പോൾ അഡ്വൈസറി ബോർഡ് യോഗം ചേരുകയും മോചിപ്പിക്കേണ്ട തടവുകാരുടെ ലിസ്റ്റ് തയാറാക്കുകയും സർക്കാരിന് സമർപ്പിക്കുകയുമാണ് ചെയ്യുന്നത്.
സർക്കാർ ഈ ലിസ്റ്റ് ഗവർണർക്ക് കൈമാറുകയും ഗവർണർ ഒപ്പിടുന്നതോടുകൂടി മോചിപ്പിക്കപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാൽ, ഇപ്പോൾ മോചന ലിസ്റ്റിൽ ഒപ്പിട്ടിട്ട് മൂന്നു വർഷമായി. കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തി ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കില്ല. രാജ്യദ്രോഹത്തിൽപ്പെട്ടവരും ഈ മോചനപ്പട്ടികയിൽ വരുന്നില്ല. എന്നാൽ, മറ്റു കൊലക്കേസിൽപ്പെട്ടവർക്ക് മോചനം സാധ്യമാണ്. മാരകമായ അസുഖം ബാധിച്ചവരും മോചനപ്പട്ടികയിൽ വരുന്നുണ്ട്.
2017-ലാണ് ഇത്തരമൊരു പട്ടികയിൽ ഗവർണർ അവസാനമായി ഒപ്പിട്ടത്. മോചനനടപടികൾ അനിശ്ചിതത്വത്തിലായിരിക്കുന്നതിനാൽ പ്രായമേറിവരുന്ന തടവുകാർ ജയിൽ ഉദ്യോഗസ്ഥർക്കും ബാധ്യതയായി മാറിയിരിക്കുകയാണ്. മാരകരോഗങ്ങൾ ബാധിച്ചവർക്ക് പരിചരണം നൽകാൻ കൂടുതൽ ജീവനക്കാരും ആവശ്യമാണ്.