കോഴിക്കോട്: പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുന്ന കേരളത്തിലെ തിയറ്ററുകള്‍ക്ക് ഉത്സവമായി ജയിലര്‍. ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം ചിത്രം അഞ്ചരക്കോടിയിലേറെ നേടിയെന്നാണു വിലയിരുത്തല്‍.
ഞായറാഴ്ച വരെയുള്ള ബുക്കിംഗുകള്‍ എണ്‍പത് ശതമാനത്തിലധികമായതോടെ ഒരു ഇതരഭാഷാചിത്രം കേരളത്തില്‍ നിന്നു നേടുന്ന ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷന്‍ ജയിലര്‍ കൊണ്ടുപോകുമെന്നാണു കരുതുന്നത്.
ഗോകുലം മൂവീസാണ് ജയിലര്‍ കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാൽ ചിത്രത്തിൽ അഭിനയിക്കുന്നതുകൊണ്ടു ചിത്രത്തിനു വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുമെന്നുറപ്പായിരുന്നു.
എന്നാല്‍ അതുക്കും മേലെയുള്ള പ്രതികരണത്തില്‍ തിയറ്ററുകാരും ഹാപ്പിയാണ്.300 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ബാഹുബലി, കെജിഎഫ് 2, പിഎസ്-2 , വിക്രം,
ജില്ല തുടങ്ങിയ ചിത്രങ്ങളായിരുന്നു ആദ്യ വാരത്തില്‍ ഏറെ പ്രേക്ഷക പിന്തുണ നേടിയ ഇതരഭാഷാചിത്രങ്ങള്‍. ഇതില്‍ ജില്ല എന്ന ചിത്രം വിജയ്- മോഹന്‍ലാല്‍ കോംമ്പോ ആയിരുന്നുവെങ്കില്‍ ഇത്തവണ രജനി-മോഹന്‍ലാല്‍ ഒത്തുചേരലായിരുന്നു.
എന്തായാലും ഓണക്കാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്താരചിത്രങ്ങളൊന്നും റിലീസ് ചെയ്യാനില്ലാത്ത അവസ്ഥയില്‍ ജയിലറുടെ പടയോട്ടം തിയറ്ററുകാര്ക്കു നല്കുന്ന ആശ്വാസം ചെറുതല്ല.
അതേസമയം ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടെ ഹിമാലയത്തില്നിന്നുമുള്ള രജനികാന്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം നദിയോരത്തുനിന്നുള്ള ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ‘ലോകം തന്റെ ചിത്രത്തെ കൊണ്ടാടുമ്പോള്‍ ആത്മീയ വഴിയിലാണ് സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ആരാധകര്‍ കുറിക്കുന്നത്. ബുധനാഴ്ച രാവിലെ ആയിരുന്നു രജനികാന്ത് ഹിമാലയത്തിലേക്കു പുറപ്പെട്ടത്.