തൃശൂർ: ‘ജയിലർ’ സിനിമയിൽ മോഹൻലാൽ ധരിച്ച വ്യത്യസ്ത ഫാഷനിലുള്ള ഷർട്ടുകൾ വൈറൽ. സിനിമയിറങ്ങി ഒരാഴ്ച ആകുമ്പോഴേക്കും മോഹൻലാലിന്റെ മാത്യു അണിഞ്ഞപോലുള്ള ഷർട്ട് ഉണ്ടോ എന്ന് ആരാഞ്ഞ് യുവാക്കളും കുട്ടികളും അടക്കമുള്ളവർ എത്തുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
രണ്ടേ രണ്ട് സീനുകളിൽ മാത്രമാണ് മോഹൻലാൽ ഇത്തരം ഷർട്ട് ധരിച്ച് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ഷർട്ടുകളുടെ മാസ് ലുക്കാണ് യുവാക്കളെ ആകർഷിക്കുന്നത്.
ജയിലർ ഷർട്ടുകൾ തേടി കൂടുതൽ പേർ എത്തുന്നതിനാൽ ഇത്തവണ ഓണക്കോടി വിപണിയിൽ യുവതലമുറയെ ആകർഷിക്കാൻ ജയിലർ ഷർട്ടുകൾ അണിനിരത്താനുള്ള ഒരുക്കത്തിലാണ് പല ടെക്സ്റ്റൈൽ ഷോപ്പുകാരും.
ജയിലറിൽ മാത്യു എന്ന കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ സീനിൽ മോഹൻലാൽ ധരിക്കുന്ന ലെപെർഡ് ഡിസൈനോടു കൂടിയ ഷർട്ട് പുലിത്തോലിന്റെ ഡിസൈനിൽ ഉള്ളതാണ്.
തൃശൂരിന്റെ തനത് കലയായ പുലിക്കളിയുടെ ഡ്രസ് ഡിസൈനിലുള്ള ഷർട്ടാണിത്. സിനിമയുടെ ക്ലൈമാക്സിൽ മോഹൻലാൽ അണിയുന്ന ഫ്ലോറൽ പ്രിന്റ് ഉള്ള കിടിലൻ ഷർട്ടും സിനിമയിറങ്ങി ആദ്യദിവസം തന്നെ ഹിറ്റായിരുന്നു.
ഇത്തരം ഷർട്ട് ആവശ്യപ്പെട്ടും ധാരാളം പേർ കടകളിൽ എത്തുന്നുണ്ട്. കേരളത്തിൽ യുവാക്കൾക്ക് വേണ്ടിയുള്ള പല ന്യൂജൻ ടെക്സ്റ്റൈൽ ഷോറൂമുകളിലും ഇത്തരം ഷർട്ടുകൾ ഷോറൂമുകൾക്ക് മുന്നിൽ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്.