ഏപ്രിൽ എട്ടിലെ സമ്പൂർണ്ണ സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു തരണമെന്ന ആവശ്യവുമായി ന്യൂയോർക്ക് ജയിലിലെ തടവുകാർ. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തടവുപുള്ളികൾ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സൂര്യഗ്രഹണം കാണുക എന്നത്
തങ്ങളുടെ മതപരമായ കാര്യമാണെന്നും ഇവർ പറയുന്നു.
വുഡ്ബോൺ കറക്ഷണൽ ഫെസിലിറ്റിയിലെ വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന ആറ് തടവുകാരാണ് ഈ ആവശ്യം ഉന്നയിച്ച് ആദ്യം കോടതിയില്‍ കേസ് ഫയൽ ചെയ്തത്. സൂര്യഗ്രഹണസമയത്ത് തങ്ങളെ തടവിൽ പാർപ്പിച്ചിരിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്ന് തടവുപുള്ളികൾ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
അപൂർവമായി സംഭവിക്കുന്ന ഈ പ്രകൃതിദത്ത പ്രതിഭാസത്തിനു സാക്ഷികൾ ആകാനുള്ള അവസരം ഒരുക്കി തരണമെന്നും തടവുപുള്ളികൾ ആവശ്യപ്പെട്ടു. അതേസമയം, എല്ലാ തടവുകാരും അവരുടെ ബാരക്കുകളിൽ തന്നെ തുടരണം എന്നാണ് കറക്ഷണൽ ഹോം കമ്മീഷണർ പുറപ്പെടുവിച്ച “ലോക്ക്ഡൗൺ മെമ്മോ” ഉത്തരവിൽ പറയുന്നത്. എന്നിരുന്നാലും, എല്ലാ തടവുകാർക്കും ജനാലകളിലൂടെ സൂര്യഗ്രഹണം കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും അവർ വ്യക്തമാക്കി.
നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഗ്രഹണത്തിന്റെ പാത മെക്സിക്കോയിൽ നിന്ന് ആരംഭിക്കും. തിങ്കളാഴ്ച വടക്കേ അമേരിക്കയെ ഗ്രഹണം കടന്നുപോകും, അവിടെ നിന്ന് മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ തുടരുമെന്നും വിദഗ്ദര്‍ പറയുന്നു.