കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നിരവധി കവർച്ചാക്കേസിലെ പ്രതിയായ ഉത്തർപ്രദേശ് സ്വദേശി ജയിൽ ചാടി. ഉത്തർപ്രദേശ് ആമിർപൂർ സിത്തലോഗിലെ അജയ്ബാബു (21) വാണ് ജയിൽ ചാടിയത്.
ഇന്നലെ രാത്രിയായിരിക്കാം ജയിൽ ചാടിയതെന്നാണ് പോലീസിന്റെ നിഗമനം. ഇന്നു രാവിലെയാണ് സംഭവം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. മാർച്ച് 23 ന് കാസർഗോഡ് നഗരത്തിലെ കാനറ ബാങ്കിൽ കവർച്ചാശ്രമം നടന്നിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് 25 ന് കാസർഗോഡ് പോലീസ് ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കുകയായിരുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് നിന്നു വന്നതു കൊണ്ട് ഇയാളെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഇന്നു രാവിലെ തടവുകാർക്ക് ഭക്ഷണം നല്കുന്നതിനിടെയാണ് അജയ് ബാബുവിനെ കാണാനില്ലെന്ന് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ജയിൽ സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. നിരവധി കവർച്ചാക്കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ജയിൽ സൂപ്രണ്ടിന്റെ പരാതി പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ജയിലിലെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചു. ഇയാൾ ചാടിപോകുന്നത് സി സി ടി വി ദൃശ്യത്തിൽ വ്യക്തമാണ്.
ലോക്ക് ഡൗൺ കാരണം വാഹനങ്ങൾ റോഡിലിറങ്ങാത്തതു കാരണം പ്രതി ദൂരെ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്.