യുഎസ്: വീടിനുള്ളിൽ ഒരു ജയിൽമുറി ഉള്ളതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതിൽ അപാകത ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയിലെ മസാച്യുസെറ്റ്സിൽ വാടകയ്ക്കു നൽകാൻ തയാറാക്കിയ ഒരു ആധുനിക അപ്പാർട്ട്മെന്റിൽ അടുക്കളയോടു ചേർന്ന് ഒരു തടവറ കൂടിയുണ്ട്. അഡീഷണലായി ജയിൽ കൂടി ഉള്ളതുകൊണ്ടോ എന്തോ പ്രതിമാസം 77,192 രൂപയാണ് അപ്പാർട്ട്മെന്റിന്റെ വാടക.
ഇനി വീടിനകത്തു ജയിൽമുറി നിർമിച്ചത് എന്തിനാണ് എന്നറിയണ്ടേ? വീടിനായി നിർമിച്ചതല്ല അത് എന്നതാണു വാസ്തവം. മസാച്യുസെറ്റ്സിലെ പഴയ ഡഡ്ലി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം നവീകരിച്ചാണു പ്രസ്തുത അപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ ഭാഗമായ ജയിൽമുറി ഒരു കൗതുകത്തിനായി അപ്പാർട്ട്മെന്റിന്റെ ഉടമകൾ നിലനിർത്തി.
എന്തായാലും സംഭവം ക്ലിക്കായി. ജയിൽ സെല്ലോടു കൂടിയ അപ്പാർട്ട്മെന്റിനെക്കുറിച്ച് അമേരിക്കയിലെങ്ങും ചർച്ചകൾ നടക്കുകയാണെന്നു “ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഉപയോക്താക്കൾക്കു വേറിട്ട അവസരമാണിതു സമ്മാനിക്കുന്നതെന്നു ചൂണ്ടിക്കാട്ടി റിയൽ എസ്റ്റേറ്റ് ഏജന്റായ ടെയ്ലേഴ്സ് വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ അനവധി കമന്റുകളുമെത്തി. വീടിനുള്ളിലെ ജയിൽ സെല്ലിനെ മനോഹരമായ ഹോം ഓഫീസാക്കി മാറ്റാമെന്നും അല്ലെങ്കിൽ മിനിബാർ ആക്കാമെന്നുള്ള അഭിപ്രായങ്ങളും ഉയർന്നു.