കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരേ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ പി.ജയരാജന്റെ മകനും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സൈബർ പോരാട്ടം.
ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ കിരണിനെതിരേയാണ് ജയരാജന്റെ മകൻ ജയിൻ രാജ് കഴിഞ്ഞ ദിവസം പോസ്റ്റിട്ടത്.
ജയിൻ രാജിന്റെ പോസ്റ്റിനെതിരേ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റും പാനൂർ ഏരിയാ കമ്മിറ്റിയും വിമർശനവുമായി രംഗത്ത് വന്നിരുന്നു.
ജയിൻ രാജിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. എന്നാൽ, സൈബർ ഇടങ്ങളിൽ ജയിൻ രാജിനെതിരേ രൂക്ഷമായ ആക്രമണമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തുന്നത്.
അച്ഛനോടുള്ള ബഹുമാനം മകൻ കളയിക്കരുത് തുടങ്ങിയ പരാമർശങ്ങളും അസഭ്യവർഷങ്ങളുമായാണ് സൈബർ പോരാട്ടം.
ജയിൻ രാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
പി. ജയരാജന്റെ മകന് ജയിന് രാജ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചത് ഡിവൈഎഫ്ഐ നേതാവ് കിരണ്‍ പാനൂരിന്റെ തെറിവിളി കമന്റായിരുന്നു.
സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ കിരണ്‍ ഒരു വര്‍ഷം മുന്‍പ് ഒരു പോസ്റ്റിനു താഴെ നല്കിയ മറുപടിയുടെ സ്ക്രീന്‍ ഷോട്ടായിരുന്നു അത്. ഭാവിയില്‍ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യ വാക്കുകള്‍ കൂടി ചേര്‍ത്തുകൊണ്ടുള്ള ജയിനിന്റെ പോസ്റ്റ്.
പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയുടെ വിവാഹച്ചടങ്ങില്‍ കിരണ്‍ പങ്കെടുത്ത ഫോട്ടോയും ജയിന് പോസ്റ്റ് ചെയ്തു. മറ്റൊരു പ്രതി അജ്മലിനൊപ്പം കിരണ്‍ 30 കിലോ മീറ്റര്‍ അകലെ എത്തി ആയങ്കിയുടെ വിവാഹത്തില്‍ പങ്കെടുത്തത് ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടായിരിക്കുമല്ലോ എന്നും ജയിന് പോസ്റ്റില്‍ പറഞ്ഞിരുന്നു.
പേര് പറയാതെ വിമർശനം
ജയിനിന്റെ പോസ്റ്റിനെതിരേയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയും പാനൂർ ഏരിയാ കമ്മിറ്റിയും വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. പേരെടുത്ത് പറയാതെയാണ് ഇരുവരുടെയും വിമർശനം.
ജയിനിന്റെ പോസ്റ്റിനെതിരേ സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്നു വിശദീകരിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി സംഘടനയെയും പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തി കൊണ്ടുവന്ന വിഷയം ഒരു വര്‍ഷം മുന്‍പുതന്നെ ഡിവൈഎഫ്ഐ ചര്‍ച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തതാണ്.
എന്നാല്‍ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നതെന്നും ഡിവൈഎഫ് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കിരൺ കരുണാകരനെതിരേയുള്ള സോഷ്യൽ മീഡിയയിൽ വന്ന ചില പോസ്റ്റുകൾ അനവസരത്തിലുള്ളതും പ്രസ്ഥാനത്തിന് അപകീർത്തികരമായിട്ടുള്ളതുമാണെന്നാണ് ഡിവൈഎഫ്ഐ പാനൂർ ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറയുന്നത്.
സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ സഭ്യമല്ലാത്ത ഭാഷകൾ ഉപയോഗിക്കാൻ പാടില്ല. കിരൺ കരുണാകരന്റെ എഫ്ബി കമന്റിൽ ഒരു വർഷം മുമ്പേ വന്നു ചേർന്ന തെറ്റായ പരാമർശം അപ്പോൾതന്നെ ശ്രദ്ധയിൽപെടുകയും തെറ്റ് തിരുത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇത് ഇപ്പോൾ വീണ്ടും കുത്തി പൊക്കിയത് ശരിയായ പ്രവണതയല്ലെന്ന് പാനൂർ ഏരിയാ കമ്മിറ്റി പറയുന്നു.