ലിവര്‍പൂള്‍: ഈ യൂറോപ്യൻ ഫുട്ബോൾ സീസണില്‍ ഏറ്റവും മികച്ച ഫോമിലുണ്ടായിരുന്ന രണ്ടു ടീമുകളെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയ ടീമുകളായ എഎസ് റോമയും ലിവര്‍പൂളും നേർക്കുനേർവരുന്പോൾ പോരാട്ടം ഉജ്വലമാകുമെന്നുറപ്പാണ്. യൂവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകുകയാണ്.
ആദ്യ സെമിയില്‍ ലിവര്‍പൂള്‍ സ്വന്തം ആന്‍ഫീല്‍ഡിലേക്ക് റോമയെ ക്ഷണിക്കുകയാണ്. ക്വാർട്ടറിൽ ശക്തരും കിരീടപ്രതീക്ഷകളുമായ ബാഴ്സോണയെയും മാഞ്ചസ്റ്റർ സിറ്റിയെയും ഇവരാണ് തകർത്തത്. അതുകൊണ്ട് പോരാട്ടം ഗംഭീരമാകുമെന്ന കാര്യം ഉറപ്പാണ്.രണ്ടു ടീമുകളും സെമി വരെയെത്തുമെന്ന കാര്യത്തിലും ഉറപ്പില്ലായിരുന്നു. എന്നാല്‍ കളത്തിലെ കാര്യങ്ങളെല്ലാം ഇവര്‍ക്ക് അനുകൂലമായതോടെ അവസാന നാലിലെത്തി.
രണ്ട് ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടം കണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടു പാദങ്ങളിലുമായി ലിവർപൂൾ 5-1ന് തകര്‍ത്തു. റോമയാണെങ്കില് സ്പാനിഷ് ലാ ലിഗയില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബാഴ്സലോണയെ എവേ ഗോളിന്റെ ബലത്തില്‍ തകര്‍ത്തു. ബാഴ്സലോണയില്‍ നടന്ന ആദ്യപാദ ക്വാര്‍ട്ടറില്‍ 4-1ന് റോമ തോറ്റു.
എന്നാല്‍ സ്വന്തം മണ്ണില്‍ രണ്ടാംപാദത്തിനിറങ്ങിയപ്പോള് റോമ 3-0ന് ജയിച്ചു. ബാഴ്സയില്‍ നേടിയ ഒരു ഗോള്‍ റോമയെ സെമിയിലെത്തിച്ചു. ബാഴ്സലോണയെ ഞെട്ടിച്ച ആക്രമണഫുട്ബോള്‍ കാഴ്ചവച്ച റോമയെ തളയ്ക്കാന്‍ യർഗഗന് ക്ലോപ്പിന്റെ സംഘം കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് ഉറപ്പാണ്. പഴയൊരു തോല്‍വിക്കു ലിവര്‍പൂളിനോട് പകരംവീട്ടാനുണ്ട് റോമയ്ക്ക്. 1984ലെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ലിവര്‍പൂളിനോട് 4-2ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റോമ തോറ്റു.
ലിവര്‍പൂളും ആക്രമണഫുട്ബോളിന്റെ കാര്യത്തില്‍ മോശമല്ല. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം ലിവര്‍പൂളാണ്. 33 തവണയാണ് ലിവര്‍പൂള്‍ എതിര്‍വല കുലുക്കിയത്. മുന്‍നിരയിലെ മുഹമ്മദ് സാലഹ്, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവരാണ് ലിപര്‍പൂളിന്റെ ഗോളടിക്കു ചുക്കാന്‍ പിടിക്കുന്നത്. സാലഹും ഫിര്‍മിനോയും എട്ട് ഗോളും മാനെ ഏഴും ഗോളും നേടി.
ഗോളടിപ്പിക്കുന്നതില്‍ മിടുക്കനായ ജയിംസ് മില്‍നറും ചേരുമ്പോള്‍ മുന്നേറ്റം ശക്തം. ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണില്‍ ലിവര്‍പൂള്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. സാലഹിന് ഈ മത്സരം വൈകാരികമാണ്. തന്റെ മുന്‍ ക്ലബ്ബിനെതിരേ ആദ്യമായി ഇറങ്ങുകയാണ്. പ്രീമിയർ ലീഗ്സ് പ്ലയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് (പിഎഫ്എ) സാലഹ് സ്വന്തമാക്കി. ലിവർപൂളിനൊപ്പമുള്ള ആദ്യ സീസണിൽ 41 ഗോളാണ് ഈജിപ്ഷ്യൻ താരം നേടിയത്. പ്രീമിയർ ലീഗിൽ 31 ഗോളാണ് സാലഹ് നേടിയത്.
പത്ത് വര്‍ഷത്തിനു മുമ്പാണ് ലിവര്‍പൂള്‍ സെമിയിലെത്തുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായി സെമിയിലെത്തിയതിന്റെ നേട്ടം എന്നെന്നും ഓര്മിക്കത്തക്കതാക്കാനാകും റോമയുടെ ശ്രമം. എഡിന് സെക്കോ, നായകന് ഡാനിയല്‍ ഡി റോസി, അലക്സാണ്ടര്‍ കൊളാറോവ് എന്നിവര്‍ ബാഴ്സലോണയ്ക്കെതിരേ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിച്ചാല്‍ റോമയ്ക്ക് സ്വന്തം നാട്ടിലെ രണ്ടാം പാദത്തില്‍ ആത്മവിശ്വാസത്തില്‍ ഇറങ്ങാം. സാലഹിന്റെ കേളീശൈലി അറിയാവുന്നവരാണ് റോമക്കാര്‍.
കഴിഞ്ഞ സീസണില്‍ റോമയില്‍ ഈജിപ്ഷ്യന്‍ താരത്തിന്റെ 15 അസിസ്റ്റില്‍ എഡിന് സെക്കോ ഏഴു തവണ ഗോള്‍ നേടിയിട്ടുണ്ട്. ചെല്‍സിക്കെതിരേ രണ്ടും ബാഴ്ലോണയ്ക്കെതിരേ രണ്ടു മത്സരത്തിലും സെക്കോ ഗോള്‍ നേടിയിരുന്നു. ഗോൾകീപ്പർ അലിസൺ ബെക്കർ പോസ്റ്റിനു കീഴിൽ ഗംഭീരപ്രകടനമാണ് നടത്തുന്നത്. 38 സേവുകൾ ബെക്കറുടെ പേരിലുണ്ട്.
ബാഴ്സലോണയ്ക്ക് സംഭവിച്ചതുപോലെ ഒരിക്കലും ഒരു എവേ ഗോളിനുള്ള സാഹചര്യംപോലും റോമക്കാര്‍ക്ക് നല്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് ക്ലോപ്പ് പ്രതിരോധം ശക്തമാക്കുമെന്ന് ഉറപ്പാണ്. ഒരു എവേ ഗോളിന്റെ വില എത്രമാത്രമെന്ന് പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടര്‍ ഫൈനലിലും തെളിയിച്ചതാണ്. വിര്‍ജിന്‍ ഗാന് ഡിക്, ഡെയാന്‍ ലോവറെന് എന്നിവര്‍ റോമയുടെ സെറ്റ്പീസുകളും വിംഗുകളിലൂടെയുള്ള ക്രോസുകളിലും ശ്രദ്ധകൊടുത്താല്‍ മാത്രമേ നിര്‍ണായകമായ എവേ ഗോള്‍ ഒഴിക്കാനാകൂ.