ന്യൂഡല്‍ഹി: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ബ്രസീൽ, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ കയറ്റുമതി. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്സിന് കയറ്റുമതി ചെയ്യും.
യുകെആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രസെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിനാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിറത്തിന് ഇതിനകം ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് വാക്സിന് വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ച ആദ്യം അയല്‍രാജ്യങ്ങളായ ഭൂട്ടാന്, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്സിന് കയറ്റുമതി ചെയ്തിരുന്നു.
കോവിഡ് വാക്സിൻ നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ്
റിയോ ഡി ഷാനെയ്റോ: ബ്രസീലിലേക്ക് കോവിഡ് വാക്സിൻ കയറ്റി അയച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോ. കോവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തില്‍ ഇന്ത്യയെ പോലെ മഹത്തായ രാജ്യത്തിന്റെ പങ്കാളിത്തം ലഭിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചു.
ബ്രസീലിലേക്ക് വാക്സിന് കയറ്റി അയച്ച് ഇന്ത്യ നല്കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. അഭിസംബോധന ചെയ്യാന്‍ നമസ്കാര്‍, നന്ദിയറിയിക്കാന്‍ ധന്യവാദ് എന്നീ ഹിന്ദി വാക്കുകളാണ് ബൊല്‍സനാരോ ഉപയോഗിച്ചത്. കൂടാതെ ഹനുമാൻ മൃതസഞ്ജീവനിയുമായി ആകാശത്തൂടെ പോകുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ലക്ഷ്മണന്റെ ജീവന് രക്ഷിക്കാനുള്ള ഗന്ധമാദനപര്‍വതം കൈയിലേന്തി ആകാശത്തുകൂടി നീങ്ങുന്ന ഹനുമാന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്.