ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയം മലയാളികള്‍ മരിക്കുന്ന കാലത്തോളം മറക്കാത്തതാണ്. ആ സമയത്ത് പ്രളയത്തില്‍ അകപ്പെട്ട് പോയ അനേകരെ രക്ഷപെടുത്തുന്നതിനായി എത്തിയ മത്സ്യത്തൊഴിലാളികളോടുള്ള നന്ദിയും എക്കാലവും ആളുകളുടെ മനസില്‍ നിലനില്ക്കും.
എന്നാല്‍ ചെയ്ത സഹായവും അതിന്റെ പേരില്‍ ലഭിച്ച അഭിനന്ദനങ്ങളും അംഗീകരങ്ങളും തിരിച്ചടിയായി മാറിയിരിക്കുകയാണോ എന്ന് സംശയിക്കുകയാണ് അന്ന് പ്രളയത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കൊടുത്ത മലപ്പുറം താനൂര്‍ സ്വദേശിയായ ജെയ്സല്‍ എന്ന യുവാവ്. ഡല്‍ഹിയിലെ പുരോഗമന സാംസ്കാരികസംഘടനയായ ജനസംസ്കൃതിയുടെ ആദരമേറ്റു വാങ്ങാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം താന്‍ ചെയ്ത നല്ല കാര്യങ്ങള്‍ തനിക്ക് വിനയായി മാറിയതെങ്ങനെയെന്ന് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
‘ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷെ, സ്നേഹിച്ചു കൊണ്ടിരുന്ന പല സുഹൃത്തുക്കളും പ്രളയത്തിന് ശേഷം ശത്രുക്കളായി. നീയിപ്പോള്‍ കോടീശ്വരനായി. ആ അഹംഭാവത്തിലാണ് ഇപ്പോഴത്തെ നിന്റെ ജീവിതമെന്നാണ് സുഹൃത്തുക്കളായി കൈപിടിച്ചു നടന്ന പലരും ഇപ്പോള്‍ എന്നോടു പറയുന്നത്.
സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ കാര്‍ ഒഴിവാക്കി ബൈക്കിലാണ് പോകുന്നത്. എനിക്കു മറ്റുള്ളവരുടെ അവകാശപ്പെട്ട ഒരു ഉറുപ്പിക പോലും വേണ്ട. എന്റെ കൈയില്‍ കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്ക് നല്കുന്നു. പല മാധ്യമങ്ങളും എനിക്ക് കോടികള്‍ കിട്ടിയെന്ന് പ്രചരിപ്പിച്ചു.
ആളുകള്‍ നല്കിയ സഹായം കൊണ്ട് എനിക്ക് വീടു നന്നാക്കാനായി. ഒരു മഹീന്ദ്ര വണ്ടി കിട്ടി. എന്നാല്‍, അക്കൗണ്ടില്‍ ലഭിച്ചത് മൂന്നര- നാലു ലക്ഷം രൂപ മാത്രമാണ്. ഈ പണം പാവപ്പെട്ടവരുടെ കല്യാണത്തിനും ചികിത്സാസഹായത്തിനുമൊക്കെ ഞാന്‍ നല്കി. ഇപ്പോള്‍ എന്റെ അക്കൗണ്ടില്‍ ചില്ലിക്കാശു പോലുമില്ലെന്നതാണ് വാസ്തവം.
ചിലര്‍ പ്രചരിപ്പിച്ചത് എനിക്കു 40 ലക്ഷം രൂപ കിട്ടിയെന്നായിരുന്നു. അടുത്തറിയാവുന്നവര്‍ പോലും അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സങ്കടം തോന്നി. അക്കൗണ്ടില്‍ അഞ്ചു പൈസ പോലുമില്ലാത്തതില്‍ എനിക്കൊരു ദുഃഖവുമില്ല. എനിക്കു പണമോ പദവിയോ വേണ്ട. എന്റെ ആരോഗ്യം നിലനില്ക്കുവോളം ഞാന്‍ മറ്റുള്ളവരെ സഹായിക്കാനുണ്ടാവും. പ്രളയകാലത്തെ രക്ഷാദൗത്യത്തിനു ശേഷം പല ഭാഗങ്ങളില്‍ നിന്നു സഹായമെത്തിയെന്നതു ശരി തന്നെ. എന്റെ ബോട്ടു നശിച്ചിരുന്നു. അതു നേരെയാക്കാന്‍ കാര്‍ണിവല്‍ ഗ്രൂപ്പ് 85,000 രൂപ തന്നു സഹായിച്ചു. എന്നാല്‍, ആ ബോട്ടു ഞാന്‍ സ്വന്തമായെടുത്തില്ല. മലപ്പുറം ട്രോമ കെയറിനു സമ്മാനിച്ചു.
ഞാന്‍ ചെയ്തതു ചെറിയൊരു കാര്യം മാത്രമാണ്. ഇതിലും വലിയ സാഹസികപ്രവര്‍ത്തനം നടത്തിയ നിരവധി സുഹൃത്തുക്കളുണ്ട്. ഒരാള്‍ വലിയ കുന്നിന്മുകളില് കയറി ഒരു ഗര്‍ഭിണിയെ ചുമന്നു താഴെയെത്തിച്ച അനുഭവം വരെയുണ്ട്. ഇങ്ങനെ, പുറംലോകമറിയാത്ത ഒട്ടേറെ പേരുടെ രക്ഷാദൗത്യമാണ് പ്രളയകാലത്തു താനടക്കമുള്ള ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ചെയ്തത്’.