നന്മ ചെയ്യാന്‍ എല്ലാവര്‍ക്കും പ്രചോദനമാകട്ടെ! സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് പുതിയ വീടൊരുങ്ങുന്നു! സ്വപ്‌നത്തില്‍ പോലും അപ്രാപ്യമായിരുന്നതെല്ലാം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് ജെയ്‌സല്‍

അടുത്ത കാലത്ത് കേരളം കണ്ട നിരവധി നല്ല വാര്‍ത്തകളില്‍ ഒന്നായിരുന്നു, പ്രളയത്തിലകപ്പെട്ടവര്‍ക്ക് രക്ഷപെടാനായി കൊണ്ടുവന്ന ബോട്ടില്‍ കയറുന്നതിന് അവര്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കിയ ജെയ്‌സല്‍ എന്ന യുവാവിന്റേത്. നല്ലത് സമൂഹത്തില്‍ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഒന്നുചേര്‍ന്ന് ജയ്‌സലിന്റെ പ്രവര്‍ത്തിക്ക് കയ്യടിക്കുകയും തങ്ങളുടെ സന്തോഷം പാരിതോഷികങ്ങള്‍ വഴി ജെയ്‌സലിനെ അറിയിക്കുകയും ചെയ്തിരുന്നു.

സംവിധായകന്‍ വിനയന്‍ ഒരു ലക്ഷം രൂപ സമ്മാനം കൊടുത്തതും മഹീന്ദ്ര കമ്പനി പതിനഞ്ച് ലക്ഷം രൂപയുടെ വാഹനം സമ്മാനമായി നല്‍കിയതുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്തകൂടി ജെയ്‌സലിനെ തേടി എത്തിയിരിക്കുന്നു.

പുതിയൊരു വീടാണ് ജെയ്‌സലിനായി സുമനസ്‌കരായ ആളുകള്‍ ചേര്‍ന്ന് ഒരുക്കി നല്‍കുന്നത്. സുന്നി യുവജന സംഘമാണ് ജൈസലിന് വീട് നല്‍കാന്‍ മുന്നിട്ടിറങ്ങുന്നത്. വ്യാഴാഴ്ചയാണ് ജൈസലിന്റെ വീടിനായി തറക്കല്ലിട്ടത്.

‘ സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. മാരുതി 800 കാര്‍ എന്റെ സ്വപ്നത്തില്‍ പോലും അപ്രാപ്യമായിരുന്നു. എന്റെ സ്വപ്നങ്ങള്‍ ഒരോന്നായി പൂവണിയുന്നത് വിശ്വസിക്കാനാകുന്നില്ല.’ ജൈസലിനെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനം സമാനകളില്ലാത്ത പ്രളയത്തെ നേരിട്ടപ്പോള്‍ ജൈസലടക്കമുള്ള മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം മാതൃകാപരമായിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സംവിധായകന്‍ വിനയന്‍ എന്നിവരടക്കമുള്ളവര്‍ ജൈസലിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളിയായ ജൈസലും കുടുംബവും ഒറ്റമുറി ഷെഡിലായിരുന്നു ഇതുവരെയും താമസം.

Related posts