ഇന്ത്യയെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് പാക്കിസ്ഥാനില്‍ കടന്ന് കയറി ബാലാക്കോട്ടെ ഭീകരക്യാമ്പുകള്‍ ആക്രമിച്ച് തകര്‍ത്തായിരുന്നു ഇന്ത്യയുടെ മറുപടി. എന്നാല്‍ ഇന്ത്യ ബോംബിട്ടിടത്ത് വീണ്ടും ജയ്ഷെ മുഹമ്മദ് ക്യാമ്പ് സജീവമായതായി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. കുറച്ച് ദിവസങ്ങള്‍ മുമ്പ് വീണ്ടും ജയ്ഷെ തീവ്രവാദികള്‍ ഈ ക്യാമ്പ് പുനര്‍നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയതായാണ് വിവരം. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാകോട്ടിലും കനത്തതാകുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്കി.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കരസേന സേനാ മേധാവി ഇക്കാര്യം പറഞ്ഞത്. 500 ഓളം നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയുടെ പല അതിര്‍ത്തികളിലായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും, ഈ എണ്ണം കൂടാനാണ് സാധ്യതയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ സുസജ്ജമാണെന്നും ജയ്ഷെ തീവ്രവാദം തുടര്‍ന്നാല്‍ ബാലാക്കോട്ടിലും വലിയ തിരിച്ചടിയാകും നല്‍കുകയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
പാക്കിസ്ഥാന് തീവ്രവാദികളെ ഉപയോഗിച്ച് കാഷ്മീരില്‍ ഒളിപ്പോര് നടത്തുകയാണെന്നും നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും റാവത്ത് വ്യക്തമാക്കി.
ജമ്മു കാഷ്മീരിലെ വാര്‍ത്താ വിനിമയമടക്കമുള്ളവയിലെ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സാധാരണക്കാര്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും പ്രശ്നങ്ങളെല്ലാം തീവ്രവാദികള്ക്കാണെന്നും റാവത്ത് വ്യക്തമാക്കി.