ഭീകരവാദികള്‍ പുല്‍വാമയിലേതിനേക്കാള്‍ വലിയ ആക്രമണത്തിന് തന്ത്രം മെനയുന്നുവെന്ന് ഇന്റലിജന്‍സ് ! മൂന്നു ചാവേറുകളടക്കം ഇന്ത്യന്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നത് 21 അംഗ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘം; തിരിച്ചടി വൈകില്ലെന്ന ഉറപ്പു നല്‍കി സൈന്യം…

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിക്കുമ്പോള്‍ പുല്‍വാമയിലേതിനേക്കാള്‍ വലിയ ഭീകരാക്രണത്തിന് ജെയ്‌ഷെ മുഹമ്മദ് കോപ്പു കൂട്ടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതായത് പുല്‍വാമയില്‍ നേടിയ വിജയം പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരകര്‍ക്ക് പ്രചോദനമാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

പുല്‍വാമ ഓപ്പറേഷനെത്തിയവര്‍ അതിനേക്കാള്‍ കഠിനമായ മറ്റൊരു ആക്രമണം കൂടി നടത്തിയേ ഇന്ത്യയില്‍ നിന്നും മടങ്ങൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി മൂന്ന് ആത്മഹത്യ ജിഹാദികള്‍ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സംഘം ഇന്ത്യന്‍ മണ്ണില്‍ തന്നെ തക്കം പാര്‍ത്തിരിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ കാഷ്മീരിലോ മറ്റെവിടെയെങ്കിലുമോ ഉടന്‍ ആക്രമണം നടത്തിയേക്കാം എന്ന സൂചനയില്‍ സൈന്യം കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഫെബ്രുവരി 16നും 17നും പാക്കിസ്ഥാനിലെ ജെയ്ഷ് ഇ നേതൃത്വവും കാശ്മീരിലെ തീവ്രവാദികളും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെയാണ് ഇന്റലിജന്‍സ് ഇത്തരം ആക്രമണസാധ്യത സ്ഥിരീകരിച്ചിരിക്കുന്നത്.

കാഷ്മീരിലോ കാഷ്മീരിനു പുറത്തോ വന്‍ ആക്രമണമുണ്ടായേക്കാമെന്നാണ് മുതിര്‍ന്ന ഒരു ഇന്റലിജന്‍സ് ഒഫീഷ്യല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ചാവേറുകള്‍ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സ്‌ക്വാഡാണ് ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി 2018 ഡിംസബറില്‍ കാശ്മീരിലെത്തിയിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. മൂന്ന് ആക്രമണങ്ങളെങ്കിലും നടത്താനാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഇതില്‍ രണ്ടെണ്ണം കാശ്മീര്‍ താഴ്‌വരക്ക് പുറത്താണെന്നും മുന്നറിയിപ്പുണ്ട്.

പുല്‍വാമ ആത്മഹത്യാ ആക്രമണത്തിനായുള്ള ഒരുക്കങ്ങളുടെ വീഡിയോ ജെയ്‌ഷെ മുഹമ്മദ് പുറത്ത് വിട്ടിരുന്നുവെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. പുല്‍വാമയില്‍ ആക്രമണം നടത്തിയ 20 കാരനായ ഭീകരന്‍ ആദില്‍ അഹമ്മദ് ദാറിനെ ധീരനായകനായി ചീത്രീകരിക്കാനാണ് വീഡിയോകള്‍ പുറത്തിറക്കിയത്. ഇയാളോടിച്ചിരുന്ന മാരുതി ഇകോ വാനില്‍ കടുത്ത സ്‌ഫോടകവസ്തുക്കളായിരുന്നു കുത്തിനിറച്ചിരുന്നത്. ജെയ്ഷ് ടെററിസ്റ്റുകള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും ചിലപ്പോള്‍ അനാവശ്യമായി പരിഭ്രാന്തി പരത്തി മുതലെടുക്കുകയായിരിക്കും ഇവരുടെ ലക്ഷ്യമെന്നും പൊലീസ് ഒഫീഷ്യലുകള്‍ പറയുന്നുണ്ട്.

എന്നാല്‍ ഇത്തരം ആശയവിനിമയങ്ങളെ ജാഗ്രതയോടെയാണ് കാണുന്നതെന്നും മുന്‍കരുതലുകള്‍ അനുവര്‍ത്തിക്കുന്നുവെന്നും പൊലീസ് ഒഫീഷ്യലുകള്‍ വ്യക്തമാക്കുന്നു. പുല്‍വാമയില്‍ സിആര്‍പിഎഫ്. വാഹനവ്യൂഹത്തിനു നേര്‍ക്ക് ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദാറിനു പരിശീലനം നല്‍കിയത് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ ഇബ്രാഹിമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്നു റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 30 നു സുരക്ഷാ സേന വധിച്ച കൊടുംഭീകരന്‍ മുഹമ്മദ് ഉസ്മാന്റെ പിതാവാണു മസൂദിന്റെ സഹോദരനായ ഇബ്രാഹിം അസര്‍. 1999 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചലോടെയാണ് ഇബ്രാഹിം, സുരക്ഷാ സേനകളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്.

ജയിലിലായിരുന്ന മസൂദ് അസറിന്റെയും മറ്റു രണ്ടു ഭീകരരുടെയും മോചനത്തിനായി വിലപേശല്‍ നടത്തിയത് ഇയാളുടെ നേതൃത്വത്തിലായിരുന്നു. അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടു പോയി വധിച്ച അഹമ്മദ് ഒമര്‍ സയീദ് ഷേഖ്, കശ്മീര്‍ ഭീകരരുടെ പ്രധാന പരിശീലകനായ മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ എന്നവരെയും ബന്ദികളുടെ മോചനത്തിനായി അന്നു കേന്ദ്ര സര്‍ക്കാരിനു മോചിപ്പിക്കേണ്ടി വന്നു. അതിര്‍ത്തി കടന്നുള്ള ഇബ്രാഹിമിന്റെ പോക്കുവരവിന് ഒത്താശ ചെയ്തിരുന്നത് കമ്രാനായിരുന്നു. ആക്രമണത്തിനു വേണ്ട സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും പ്രാദേശിക സഹകരണം ഏകോപിച്ചതും ഇയാള്‍ തന്നെയാണ്. പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സൈന്യം സുരക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

Related posts