വൈക്കം: സംഗീത സംവിധായകൻ ജയ്സണ് ജെ. നായർക്കു നേരെ ലഹരിയ്ക്കടിമയായ യുവാക്കളുടെ ആക്രമണം. കഴുത്തിന് അടിയേറ്റ ജയ്സനെ വാൾ കൊണ്ടു വെട്ടി അപായപ്പെടുത്താനും ശ്രമിച്ചു.ചൊവ്വാഴ്ച രാത്രി 7.45ന് കല്ലറ വെച്ചൂർ റോഡിൽ ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിലായിരുന്നു സംഭവം.
16-18 വയസ് പ്രായമുള്ള മൂന്നു ആണ്കുട്ടികളാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വയലാർ ശരത്ചന്ദ്രവർമയുടെ വീട്ടിൽ പുതിയ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് തനിയെ കാറോടിച്ചു മടങ്ങുകയായിരുന്നു ജയ്സണ്. സുഹൃത്തിന്റെ ഫോണ് വന്നപ്പോൾ ഇടയ്ക്ക് കാർ റോഡരികിൽ നിർത്തി സംസാരിച്ചു.
ഇരുവശവും പാടമുള്ള ആളൊഴിഞ്ഞ പ്രദേശമായിരുന്നു. ഫോണ് വിളിച്ചുകൊണ്ടിരുന്നപ്പോൾ മൂന്നു പേർ കാറിനരികിലെത്തി. ഇതിൽ ഒരാൾ ഗ്ലാസിൽ തട്ടി വിളിച്ചിട്ട് ഇവിടെ അപകടം നടക്കുന്ന വളവാണെന്നും കാർ മാറ്റിയിടണമെന്നും അവർ ആവശ്യപ്പെട്ടു.
കാർ 100 മീറ്റർ മാറ്റി മുൻപോട്ടു മാറ്റിയിട്ടപ്പോൾ മൂന്നുപേരിൽ മറ്റൊരാൾ വീണ്ടും കാറിനുസമീപമെത്തി പണം ആവശ്യപ്പെട്ടു. ഇല്ലെന്നു പറഞ്ഞപ്പോൾ ജയ്സന്റെ കഴുത്തിന് അടിക്കുകയായിരുന്നു. മറ്റൊരാൾ ഒരാൾ അരയിൽ നിന്ന് വാൾ ഉൗരി വെട്ടാൻ തുനിഞ്ഞു. തന്നെ ഉപദ്രവിക്കരുതെന്ന് ജയ്സണ് അപേക്ഷിച്ചു.
മൂന്നാമൻ വാൾ വീശിയവനെ പിടിച്ചു മാറ്റിയ സമയത്ത് താൻ കാർ വേഗത്തിൽ ഓടിച്ച് രക്ഷപെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ചു തന്റെ ഫേസ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോ മുഖേന കാര്യങ്ങൾ പങ്കുവെച്ചെങ്കിലും ജയ്സണ് പോലീസിൽ പരാതി നൽകിയിട്ടില്ല.
ഒപ്പം ലഹരി ഉപയോഗത്തിന് അടിമപ്പെട്ടു പോകുന്ന കുട്ടികളെക്കുറിച്ചുള്ള ആകുലതയും വീഡിയോയിൽ പങ്കുവെച്ചു. കുടുംബമായി യാത്ര ചെയ്യുന്പോൾ വളരെ ജാഗ്രത പുലർത്തണമെന്നുള്ള അവബോധവും അദ്ദേഹം നൽകുന്നുണ്ട്. നിരവധി മലയാള സിനിമകൾക്കും സംഗീത ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളയാളാണ് ജയ്സണ് ജെ നായർ.
കോട്ടയം ജില്ലയിൽ ഏറ്റുമാനൂരാണ് സ്വദേശം. ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം, എബി, മിഷൻ 90 ഡേയ്സ്, കഥ പറഞ്ഞ കഥ, ഇത്രമാത്രം തുടങ്ങി നിരവധി സിനിമകൾക്കു അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
ഇരുട്ടിന്റെ മറവിൽ അക്രമ പരന്പര
ഇടയാഴം – കല്ലറ റോഡിലെ തോട്ടാപള്ളി വല്യാറ വളവിൽ ലഹരി ഉപയോഗിക്കുന്ന യുവാക്കൾ രാത്രി കാലങ്ങളിൽ റോഡിലൂടെ കടന്നുപോകുന്ന യാത്രികരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതു സംബന്ധിച്ചു പരാതി ഉയരുന്നു.
കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ ജയ്സണ് ജെ നായർക്കാണ് അത്തരത്തിൽ അതിക്രമം നേരിടേണ്ടി വന്നത്. സമാന രീതിയിൽ മാസങ്ങൾക്കു മുന്പാണ് തണ്ണീർമുക്കം ബണ്ട് റോഡിനു സമീപം മധ്യവയസ്കനു ഭീഷണി നേരിടേണ്ടി വന്നത്. രാത്രിയിൽ വിജനമായ വഴിയിൽ ബൈക്കിലെത്തിയ മധ്യവയസ്കനെ വാള് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഈ പ്രദേശങ്ങളിൽ ആവർത്തിക്കുകയാണ്. ഇവിടങ്ങളിൽ വലിയ തോതിൽ കഞ്ചാവ് അടക്കമുള്ള ലഹിര വസ്തുക്കളുടെ ലഭ്യതയുണ്ടെന്നും പറയുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നുമെത്തുന്ന വീര്യമേറിയ ലഹരി വസ്തുക്കളും സുലഭമാണ്.
യുവാക്കളും വിദ്യാർഥികളുമാണ് ആവശ്യക്കാർ. ലഹരി വസ്തുക്കൾ വാങ്ങുന്നതിനായി മോഷണം, പിടിച്ചുപറി, അതിക്രമം എന്നിവ ഈ പ്രദേശങ്ങളിൽ പതിവാണെന്നും പ്രദേശവാസികൾ പറയുന്നു. തോട്ടാപള്ളി വല്യാറ വളവിനു സമീപം വീടുകൾ ഇല്ലാത്തതിനാൽ വിജനമായ പാടശേഖരത്തിന്റെ ഓരങ്ങളിലാണ് അക്രമിസംഘം തന്പടിക്കുന്നത്.
വഴികളിൽ വെളിച്ചമില്ലാത്തതും ഇവർക്കു സഹായമാകുന്നു. ഇതു സംബന്ധിച്ചു കുറച്ചുകാലമായി ആരോപണം ഉയരുന്നുണ്ട്. പ്രദേശവാസികൾ കൂടി രാത്രി ഇതുവഴി കടന്നുപോകുന്നത് ഭയചകിതരായിട്ടാണെന്നും നാട്ടുകാർ പറയുന്നു.
വെച്ചൂരിൽ പോലീസ് സ്റ്റേഷൻ
സംഗീത സംവിധായകൻ ജയ്സണിനു നേരിട്ട അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ജയ്സണ് പരാതി നൽകിയില്ലെങ്കിലും പൊതു ജനങ്ങളെ ബാധിക്കുന്ന വിഷയമെന്നതിനാലാണ് വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഈ പരിസരങ്ങളിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കും. ലഹരി ലഭ്യതയുടെ ഉറവിടം അന്വേഷിച്ച് നടപടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഗീത സംവിധായകനെ അക്രമിച്ച യുവാക്കളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വെച്ചൂർ കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്.
വെച്ചൂരിന്റെ പാടശേഖരങ്ങളിലുള്ള വീടുകളിലും സമീപ പ്രദേശങ്ങളിലുമുണ്ടാകുന്ന ആവശ്യങ്ങൾക്ക് പലപ്പോഴും കോട്ടയം വെസ്റ്റ്, ഗാന്ധി നഗർ പോലീസാണ് എത്തുന്നത്. വെച്ചൂരിൽ പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നതോടെ വെച്ചൂർ, കൈപ്പുഴമുട്ട് പരിസരങ്ങളെ കേന്ദ്രീകരിച്ച് പോലീസ് സംവിധാനം സുഗമമാക്കാനും കഴിയുമെന്ന് നാട്ടുകാർ പറയുന്നു.