ജെവിൻ കോട്ടൂർ
അയിരം വാക്കുകളേക്കാൾ മനസിൽ പതിയാൻ ഒരു ഫോട്ടോയ്ക്കു കഴിയുമെന്നാണ്് ചൊല്ല്. അനേകായിരം പേർ ലക്ഷക്കണക്കിനു ചിത്രങ്ങൾ പകർത്തിയ ഏഴായിരത്തോളം കാമറകളുടെ ശേഖരവുമായി ഫോട്ടോഗ്രഫിയുടെ തന്നെ കഥപറയുകയാണ് കോട്ടയം പാലാ സ്വദേശി ജെയ്സണ്‍സ് പാലാ എന്ന ഫോട്ടോഗ്രാഫർ. ഫോട്ടോഗ്രഫി ചരിത്രം ഡിജിറ്റൽ കാമറകളുടെ മൂന്നാംതലമുറ വരെ എത്തിനില്ക്കുന്പോൾ അപൂർവമായ ഒരു കാഴ്ചാനുഭവമാണ് ജെയ്സണ്‍സ് പാലാ പട്ടണത്തിലുള്ള തന്റെ കാമറ മ്യൂസിയത്തിലൂടെ സമ്മാനിക്കുന്നത്. 112 വർഷം പഴക്കമുളള ക്രൗണ്ഗ്രാഫിക് എന്ന കാമറ മുതൽ ഒരു കാലത്ത് ഫോട്ടോഗ്രാഫർമാരുടെ സ്വപ്നമായിരുന്ന റോളി ഫ്ളക്സ് കാമറകൾ വരെയുള്ള അപൂർവമായ ശേഖരം ദക്ഷിണേന്ത്യയിൽ മറ്റൊരിടത്തും ഉണ്ടാവില്ല. ചരിത്രത്തിലെ അനർഘങ്ങളായ കാഴ്ചകൾക്കു പിന്നാലെ അലഞ്ഞ കാമറകൾ സ്വന്തം ജരാനരകളെ കഴുകിത്തുടച്ച് അണിഞ്ഞൊരുങ്ങി ഇവിടെ വീണ്ടും പോസ് ചെയ്യുകയാണ്.
കാമറ തേടിയുള്ള യാത്ര
ചെറുപ്പത്തിൽ ബന്ധുക്കളിൽ ഒരാൾ സമ്മാനിച്ച ക്ലിക്ക് ത്രീ കാമറ യാത്രയ്ക്കിടയിൽ എവിടെയോ കളഞ്ഞുപോയതോടെയാണു കാമറകൾ തേടിയുളള ജെയ്സണ്സിന്റെ യാത്ര ആരംഭിക്കുന്നത്. വർഷങ്ങൾ തേടി നടന്ന് ഒടുവിൽ ആദ്യം നഷ്്ടപ്പെട്ടുപോയ ക്ലിക്ക് ത്രീ കാമറ കണ്ടെത്തിയെങ്കിലും കാമറകൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് തുടർന്നു. ഓരോ കാമറ ലഭിക്കുന്പോഴും അടുത്തതു സ്വന്തമാക്കാനുള്ള ആവേശം ഈ കാമറ പ്രേമിയിൽ കൂടിവന്നു. കഴിഞ്ഞ 40വർഷമായി തുടരുന്ന ഈ കാമറശേഖരണം ഇന്നും തുടരുന്നു. രണ്ടു നൂറ്റാണ്ടുകളുടെയെങ്കിലും ചരിത്ര കഥപറയുന്ന കാമറകളാണ് ജെയ്സണ്സിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യൻ നിർമിതവും വിദേശനിർമിതവുമുണ്ട്. കേരളത്തിന്റെ മുക്കിലും മൂലയിലും അല്ല ഇന്ത്യയിൽ തന്നെ ജെയ്സണ്‍സ് കാമറ തേടി പോകാത്ത സംസ്ഥാനങ്ങളില്ല. ലക്ഷക്കണക്കിനു രൂപ ഇതിനോടകം കാമറകൾ ശേഖരിക്കാനായി മുടക്കിയിട്ടുണ്ട്.
ക്രൗണ്‍ ഗ്രാഫിക് മുതൽ റോളി ഫ്ളക്സ് വരെ
100 വർഷത്തിലധികം പഴക്കമുള്ള ക്രൗണ്‍ ഗ്രാഫിക് കാമറയാണു ജെയ്സണ്സിന്റെ കാമറ ശേഖരണത്തിലെ മാസ്റ്റർപീസ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫർ ഹോമായ് വ്യാരവല്ല ഉപയോഗിച്ചിരുന്ന തരം കാമറയാണിത്. ഫീൽഡ് കാമറകൾ മുതൽ ഫോൾഡിംഗ് കാമറ, ടിഎൽആർ, എസ്എൽആർ കാമറകൾ, 1903ൽ പുറത്തിറങ്ങിയ ബോക്സ് കാമറ, ഫോട്ടോ എടുത്താൽ ഉടൻ പ്രിന്റ് ലഭിച്ചിരുന്ന പോളറോയിഡ് കാമറ, മൂവി കാമറ, നിക്കോണിന്റെ ആദ്യകാലത്തെ കാമറകളായ നിക്കോണ്‍ എഫ്, നിക്കോണ്‍ എഫ് 5, ജപ്പാനിലെ പുരാതന കാമറ നിർമാതാക്കളായ യാഷിക്കാ കന്പനിയുടെ വിവിധ കാമറകൾ, ശംഖായി കാമറ, ഇന്ത്യൻ നിർമിത ബണ്ണി കാമറ, റഷ്യൻ നിർമിത സെനിറ്റ് കാമറ, വിൻഹോൾ, ബോക്സ്, ഫീൽഡ്, കാനോണ്‍ മൂവി കാമറകൾ, സിനി പ്രൊജക്്ടർ ലെൻസുകൾ, ഫിൽറ്റർ ഹോൾഡറുകൾ, റേഞ്ച് ഫൈൻഡർ കാമറകൾ, ബൾബ് ഉപയോഗിച്ചുള്ള ഫ്ളാഷുകളുള്ള കാമറകൾ തുടങ്ങി തലമുറകളുടെ ചരിത്രസംഗമമാണ് പാലായിലെ ഈ കാമറ മ്യൂസിയം.
കാമറകളുടെ വൈകാരിക മൂല്യം
അജ്ഞാതരായ അനവധി ഫോട്ടോഗ്രാഫർമാരുടെ ഹൃദയമിടിപ്പിനൊപ്പം സഞ്ചരിച്ച വൈകാരിക മൂല്യമുള്ളതാണ് ഓരോ കാമറകളും. മഞ്ഞും മഴയും വെയിലുമേൽക്കാതെ സ്വന്തം മക്കളെപ്പോലെ കാത്തു സൂക്ഷിക്കുന്ന കാമറകൾ കൈവിടുന്പോൾ ഹൃദയം പറിഞ്ഞുപോകുന്ന വേദനയാണ് ഓരോ ഫോട്ടോഗ്രഫറും അനുഭവിക്കുന്നതെന്നാണ് കാമറ ശേഖരണത്തിനിടയിൽ ജെയ്സണ്‍സ് മനസിലാക്കിയത്. 1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സ് ചിത്രീകരിച്ച കാമറ സേലത്തുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തി പണം നൽകി കാമറ വാങ്ങി പോരാൻ തുടങ്ങിയപ്പോൾ ആ ഫോട്ടോഗ്രാഫർ പറഞ്ഞ വാക്കുകളാണ് കാമറകളുടെ വൈകാരിക മൂല്യം വിളിച്ചറിയിച്ചത്. ദയവായി ആ കാമറ തന്റെ കണ്മുന്പിൽ കൂടി കൊണ്ടുപോകരുതെന്നാണ് ഫോട്ടോഗ്രാഫർ ജെയ്സണ്സിനോടു പറഞ്ഞത്.
നാളുകൾക്കു മുന്‍പ് ജെയ്സണ്സിനു ഫേസ്ബുക്ക് വഴി ബ്രസീലിൽ നിന്ന് ഒരു സുഹൃത്തിനെ ലഭിച്ചു. സൗഹൃദം ദൃഢമായതോടെ ഇയാൾ തന്റെ പക്കലുണ്ടായിരുന്നു കാപ്സ എന്ന കാമറ ജെയ്സണിന് അയച്ചുകൊടുത്തു. അപൂർവമായ ഈ മോഡൽ കാമറ ഇന്ത്യയിൽ തന്നെ കാണാൻ സാധ്യതയില്ല. കാമറ മ്യൂസിയത്തിലെ ഏറ്റവും പുതിയ അതിഥി ഇപ്പോൾ കാപ്സയാണ്. സ്റ്റുഡിയോകളും മറ്റും അടച്ചുപൂട്ടുന്നു എന്നു കേൾക്കുന്പോൾ സുഹൃത്തുകൾ ജെയ്സണ്സിനെയാണു വിളിക്കുന്നത്. ഇതു കേൾക്കേണ്ട താമസം അവിടെ പാഞ്ഞെത്തി കാമറകൾ പണം കൊടുത്തു വാങ്ങുകയാണ് പതിവ്. കോട്ടയത്തെ ആയിരക്കണക്കിനാളുകളുടെ മുഖങ്ങൾ പകർത്തി വർഷങ്ങൾക്കു മുന്‍പ് അടച്ചുപൂട്ടിയ വീനസ് സ്റ്റുഡിയോയിലെ ക്രൗണ്ഗ്രാഫിക് കാമറ അതേ തിളക്കത്തിൽ ഇദ്ദേഹം തന്റെ കാമറ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
മെമ്മറി മേക്കേഴ്സ്
ജെയ്സണ്‍സ് മുൻകൈയെടുത്ത് സുഹൃത്തുക്കളുമായി ചേർന്ന് മെമ്മറി മേക്കേഴ്സ് എന്ന പേരിൽ ഫോട്ടോഗ്രഫി അവേർനസും നടത്തുണ്ട്. ഫോട്ടോഗ്രഫി ക്ലാസുകൾ, സെമിനാറുകൾ, എക്സിബിഷനുകൾ എന്നിവയാണ് പ്രധാന പരിപാടികൾ. നിരവധി ഫോട്ടോഗ്രാഫർമാരും ഫോട്ടോഗ്രഫി വിദ്യാർഥികളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഫോട്ടോഗ്രഫി മേഖലയിലെ സമഗ്രമായ സംഭാവനകൾ നല്‍കിയതിനു ജയ്സണെ 2012ൽ സംസ്ഥാന സർക്കാരും 2015ൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനും ആദരിച്ചിരുന്നു. 15വർഷത്തോളം ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്ന ഇദ്ദേഹം ഇപ്പോൾ സെക്കൻഡ് ഹാൻഡ് കാമറകളുടെ വിൽപ്പനയിലൂടെയാണ് ഉപജീവനമാർഗം കണ്ടെത്തുന്നതും കാമറശേഖരണം നടത്തുന്നതും. ചലച്ചിത്ര താരവും ഫോട്ടോഗ്രാഫറുമായ എൻ.എൽ. ബാലകൃഷ്ണൻ, ഇന്ത്യയിൽ വുഡ് ഫീൽഡ് കാമറകൾ നിർമിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ കെ. കരുണാകരൻ തുടങ്ങിയ ഒട്ടേറെ പ്രമുഖർ ജെയ്സണ്സിന്റെ കാമറ മ്യൂസിയം തേടിയെത്തിയിട്ടുണ്ട്. കാമറകൾക്കു പുറമേ വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ, കറൻസികൾ, സ്റ്റാന്പ്, തപാൽ കവറുകൾ, ഗ്രാമഫോണുകൾ, റോഡിയോ, ക്ലോക്കുകൾ, ടൈംപീസ്, വാച്ചുകൾ പ്രധാനപ്പെട്ട സംഭവങ്ങളുണ്ടായ ദിവസത്തെ ദിനപത്രങ്ങൾ എന്നിവയും കാമറ ശേഖരത്തിനൊപ്പമുണ്ട്.
ഭാര്യ ലൗലി, മക്കളായ അനു, അഞ്്ജു എന്നിവർ സഹായത്തിനായി എപ്പോഴും ഒപ്പമുണ്ട്. ലാഭേച്ഛ എന്നതിലുപരി പഴയ ഫോട്ടോഗ്രാഫിയേയും കാമറകളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ജെയ്സണ്‍സ്. ചില കന്പനികളുടെ ആദ്യകാല കാമറകൾ കണ്ടെത്തി വാങ്ങി തന്റെ ശേഖരത്തിലേക്കു ചേർക്കുന്നതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇദ്ദേഹം. ഒപ്പം തന്റെ അപൂർവശേഖരങ്ങൾ നഷ്്ടപ്പെടാതിരിക്കുന്നതിനായി സ്വന്തമായി കെട്ടിടം നിർമിച്ചു കാമറ മ്യൂസിയം അങ്ങോട്ടേക്കു മാറ്റാനുള്ള തയാറെടുപ്പിലാണ്. ഫോട്ടോഗ്രഫിയുടെ ചരിത്രം മനസിലാക്കാനും പഠിക്കാനും പ്രബന്ധം തയാറാക്കാനും താത്പര്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്നു.
ജെയ്സണ്‍സ് പാലാ – 9847712976. ബ്ലോഗ് – http://antiqueframes.blogspot.com
ഫോട്ടോ: അനൂപ് ടോം