കോൽക്കത്ത: പശ്ചിമ ബംഗാളിൽ ജയ് ശ്രീ റാം എന്ന് വിളിക്കാൻ തയാറാകാതിരുന്നതിനെ തുടർന്ന് മദ്രസ അധ്യാപകനെ ട്രെയിനിൽനിന്നും പുറത്തേക്ക് എറിഞ്ഞു. മദ്രസ അധ്യാപകൻ മുഹമ്മദ് ഷാറുഖിനാണ് (20) ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ 26 ന് ആയിരുന്നു സംഭവം.
സൗത്ത് 24 പർഗനാസിൽനിന്നും ഹൂഗ്ലിക്കുപോകുകയായിരുന്ന മുഹമ്മദിനെ ഒരു സംഘം ആളുകളാണ് അപമാനിക്കുകയും മർദിക്കുകയും ചെയ്തത്. കോൽക്കത്തയിലെ പാർക് സർക്കസ് റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു സംഭവം. മുഹമ്മദ് സഞ്ചരിച്ച കമ്പാർട്ട്മെന്റിൽ ജയ് ശ്രീ റാം വിളികളുമായി ഒരു സംഘം ഉണ്ടായിരുന്നു. അവർ മുഹമ്മദിനെയും ജയ് ശ്രീ റാം എന്ന് വിളിക്കാൻ നിർബന്ധിച്ചു. ഇത് നിരസിച്ചതോടെ മുഹമ്മദിനെ സംഘം മർദിക്കുകയായിരുന്നു.
പാർക് സർക്കസ് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ മുഹമ്മദിനെ സംഘം പുറത്തേക്ക് എറിയുകയും ചെയ്തു. പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുഹമ്മദിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.