ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യ. കാര്യങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കുന്നതിന് തന്റെ നിര്‍ദ്ദേശങ്ങള്‍ ധനകാര്യമന്ത്രിക്ക് മുമ്പില്‍ അറിയിച്ചിരുന്നുവെന്നും ലണ്ടനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ തള്ളുകയായിരുന്നു എന്നും വിജയ് മല്യ കൂട്ടിച്ചേര്‍ത്തു.
നേരത്തെ വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രാഹുല്‍ അന്ന് തയാറായിരുന്നില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
അതേസമയം വിജയ് മല്യ ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ തയാറാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഇത്. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു.
വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടിയുടെ വായ്പയെടുത്തു രാജ്യം വിട്ട വിജയ് മല്യ കോടതിയില്‍ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കള്‍ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയും നിര്‍ദേശിച്ചിരുന്നു.