ന്യൂഡൽഹി: രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത്. രാജീവ് ഗാന്ധി സർക്കാരിന്റെ സത്യസന്ധതയ്ക്കു നേരെ ചോദ്യം ഉയരുമ്പോൾ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് ജെയ്റ്റ്ലി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം.
എന്തുകൊണ്ടാണ് രാജീവ് ഗാന്ധി സർക്കാരിന്റെ സത്യസന്ധതയ്ക്കു നേരെ ചോദ്യം ഉയരുമ്പോൾ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നത്? എന്തുകൊണ്ടാണ് ഒട്ടാവിയോ ക്വട്രോച്ചിക്ക് ബൊഫോഴ്സിൽ കൈക്കൂലി ലഭിച്ചത്? ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. മമത ബാനർജി, അരവിന്ദ് കേജരിവാൾ, ശരദ് യാദവ് തുടങ്ങി നിരവധി നേതാക്കൾ ഇതിനെ വിമർശിച്ച് രംഗത്തെത്തി. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചതെന്നായിരുന്നു മോ ദിയുടെ പ്രസ്താവന. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ എന്നായിരിക്കും നിങ്ങളുടെ സേവകർ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നാം നമ്പർ അഴിമതിക്കാരനായാണ് അദ്ദേഹം ജീ വിതം അവസാനിച്ചത്- രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.
1986 മാര്ച്ച് 24നാണ് ഇന്ത്യന് രാഷ്ട്രീയത്തില് ഏറെ കോളിളക്കമുണ്ടാക്കിയ ബോഫോഴ്സ് ആയുധ ഇടപാടു നടന്നത്. 1,437 കോടി രൂപയുടെ ഇടപാടില് രാജീവ് ഗാന്ധിയുടെ സുഹൃത്തും ഇറ്റാലിയന് വ്യാപാര ഇടനിലക്കാരനുമായ ഒട്ടാവിയോ ക്വട്രോച്ചി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇടപാടില് 64 കോടി രൂപയുടെ കൈക്കൂലി ഉണ്ടെന്നുമായിരുന്നു ആരോപണം.
സ്വീഡിഷ് റേഡിയോ ആണ് ഇടപാടില് അഴിമതിയുണ്ടെന്നു റിപ്പോര്ട്ട് ചെയ്ത്. ആരോപണങ്ങള്ക്കു ശേഷം 1989ല് നടന്ന തെരഞ്ഞെടുപ്പില് കോണ്ഗ്രസിനെ പരാജയത്തിലേക്കു നയിച്ച വിധിയെഴുത്താണുണ്ടായത്. എന്നാല്, കാര്ഗില് യുദ്ധവേളയില് ഉള്പ്പെടെ ഇന്ത്യന് സൈന്യത്തിന്റെ നിര്ണായക ആയുധബലമായിരുന്നു ബോഫോഴ്സ് തോക്കുകൾ.