പച്ചക്കറി വിളയിക്കാം, ജൈവരീതിയില്‍

പൂര്‍ണ ആരോഗ്യത്തോടും ദീര്‍ഘായുസോടും കൂടി ജീവിക്കാന്‍ പ്രതിദിനം 300 ഗ്രാം നല്ല പച്ചക്കറികള്‍ ഭക്ഷിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. വിലകൊടുത്തു വാങ്ങുന്ന പച്ചക്കറികളിലെ രാസകീടനാശിനി സാന്നിധ്യത്തെപ്പറ്റി മലയാളി ബോധവാനാണ്. ഈ കീടനാശിനികള്‍ കണ്ണ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍, ഞരമ്പുകള്‍, ത്വക്ക് എന്നിവയെ നശിപ്പിക്കുന്നു.

വയറ്റിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ തുടങ്ങിയവയ്ക്കും ജനിതകപരിണാമത്തിനും വരെ ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങള്‍ കാരണമാകുന്നു. അതുകൊണ്ടാണ് നമുക്കാവശ്യമായ പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കണമെന്നു പറയുന്നത്.

വീട്ടിലാവശ്യമായ പച്ചക്കറികള്‍ മണ്ണില്‍ നേരിട്ടുനട്ടോ ചെടിച്ചട്ടിയിലോ പ്ലാസ്റ്റിക് ചാക്കുകളിലോ ടെറസിലോ കൃഷി ചെയ്യാം. പ്ലാസ്റ്റിക്ചാക്കു കഴുകി വെടിപ്പാക്കിയതായിരിക്കണം. ചെടിച്ചട്ടിക്ക് 30-35 സെന്റീമീറ്റര്‍ വ്യാസവും ആഴവും ഉണ്ടായിരിക്കണം. പുരയിട കൃഷിയാണെങ്കില്‍ കിളച്ച് കൃഷിയിടമൊരുക്കണം. കല്ലും കട്ടയും നീക്കിയ ഇളക്കമുള്ള മേല്‍മണ്ണ് പച്ചക്കറികൃഷിക്ക് അത്യന്താപേക്ഷിതമാണ്. ഇതിലേക്ക് ജൈവവളങ്ങളായ പഴകി പൊടിഞ്ഞ ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, മണ്ണിര കമ്പോസ്റ്റ് എന്നിവ 1:1 എന്ന അനുപാതത്തില്‍ ചേര്‍ക്കാം. കൃഷിസ്ഥലം നല്ലതുപോലെ നനച്ചിരിക്കണം.

ചീര, മുളക്, വഴുതന, തക്കാളി എന്നിവ പാകി പറിച്ചു നടണം. വിത്ത് എല്ലായിടത്തും വീഴത്തക്കവിധം ചേര്‍ത്തു വിതറുക. പിന്നീട് നേരിയ തോതില്‍ പൊടിമണ്ണ് മുകളില്‍ ഇടണം ദിവസവും നനയ്ക്കുക. 4-5 ഇല പ്രായമാകുമ്പോള്‍ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് വൈകുന്നേരങ്ങളില്‍ പറിച്ചു നടുക. രണ്ടടി വലുപ്പവും ഒന്നര അടി ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും, ജൈവവളവും ചേര്‍ത്ത് കുഴി നിറയ്ക്കുക. കൃഷിസ്ഥലം നനച്ചശേഷം നടുക, പയര്‍, വെണ്ട, പാവല്‍, പടവലം തുടങ്ങിയവയുടെ വിത്തുകള്‍ മുകളില്‍ പറഞ്ഞതുപോലെ കുഴികളില്‍ രണ്ടോ മൂന്നോ വീതം വിത്തിനോളം മാത്രം താഴ്ത്തി നടുക.

മേല്‍വളപ്രയോഗം

1. 10 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം കടലപ്പിണ്ണാക്കും ഒരു പിടിചാരവും കൂടി കലക്കി ഒരാഴ്ച വച്ചതിനുശേഷം അതിന്റെ തെളിനീര്‍ നാലിരട്ടി വെള്ളം ചേര്‍ത്തു ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം.

2. വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പച്ചചാണകം എന്നിവ 100 ഗ്രാം വീതവും എല്ലുപൊടി 200 ഗ്രാമും എടുത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അഞ്ചുദിവസം വയ്ക്കുക. തുടര്‍ന്ന് തെളിനീരെടുത്ത് അഞ്ചിരട്ടി വെള്ളം ചേര്‍ ത്തു ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. ചുവട്ടില്‍ ഒഴിക്കുന്നതിനു മുമ്പ് ഒരു പിടി ചാരം ചേര്‍ക്കുക.

3. വെര്‍മി വാഷ്, ഗോമൂത്രം ഇവ നേര്‍പ്പിച്ച് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.

സസ്യസംരക്ഷണം

പയര്‍: ചാഴി

കാന്താരിമുളക് 100 ഗ്രാം, വെളുത്തുള്ളി 50 ഗ്രാം ഇവ ഇടിച്ചുപിഴിഞ്ഞ നീര,് 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിക്കുക.

വള്ളി ഉണക്കം,ചുവടുവീക്കം, തണ്ടുചീയല്‍

ഒരു സ്ഥലത്ത് തുടര്‍ച്ചയായി പയര്‍ കൃഷിചെയ്യാതിരിക്കുക. തടത്തില്‍ ചവറിട്ടു മൂടുക. ബോര്‍ഡോമിശ്രിതം കൊണ്ട് തടം നനയ്ക്കുക. ഒരു കിലോ തുരിശ് പൊടിച്ച് 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. കക്കാ നീറ്റിയെടുത്ത ചുണ്ണാമ്പ് മറ്റൊരു 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ചുണ്ണാമ്പ് ലായനിയിലേക്ക് തുരിശുലായനി സാവധാനം ചേര്‍ത്തിളക്കി ഉപയോഗിക്കുക.

വെണ്ടയിലെഇലചുരുട്ടിപ്പുഴുവിന്

ഇലകള്‍ മുറിച്ച് ഇലയുടെ ഭാഗങ്ങള്‍ തിന്നുന്ന പുഴുക്കളാണിവ. ഇലച്ചുരുളുകള്‍ എടുത്തുമാറ്റി കീടനിയന്ത്രണം ഫലപ്രദമാക്കാം.

മണ്ഡരി

മണ്ഡരി ബാധിച്ച ഇലകള്‍ നരച്ച് കാണപ്പെടും. വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ ത്തിളക്കുക. ഇതു പത്തിരട്ടി വെ ള്ളത്തില്‍ ചേര്‍ത്താല്‍ വേപ്പെണ്ണ എമല്‍ഷന്‍ ആകും.

വെള്ളീച്ച, മുഞ്ഞ

പയര്‍, പാവല്‍, പടവലം എന്നിവയിലെ വെള്ളീച്ച, മുഞ്ഞ ഇവയെ മാറ്റുവാന്‍ കായവും വെളുത്തുള്ളിയും തുല്യ അളവില്‍ എടുക്കുക. വെളുത്തുള്ളി അരച്ചനീര് കായവുമായി യോജിപ്പിച്ച് നാലിരട്ടി വെള്ളം ചേര്‍ത്തു തളിക്കുക.

പയറിലെ മുഞ്ഞ, വഴുതനയിലയിലെ പുഴുഎന്നിവയ്ക്ക് പ്രതിവിധി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമാണ്.

ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. ഇതില്‍ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റി കൂടിക്കുന്ന കീടങ്ങള്‍ക്കെതിരേ തളിക്കാം.

വെളുത്തുള്ളി, മുളക് സത്ത്

വെളുത്തുള്ളി 50 ഗ്രാം, 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക. ഇതേപോലെ മുളക് 25 ഗ്രാം 50 മില്ലി ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 50 ഗ്രാം 100 മില്ലി ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരിച്ചു തളിക്കുക. ഇത് കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍ പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.

പപ്പായ സത്ത്

100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം നുറുക്കിയ പപ്പായഇല യിട്ട് ഒരു രാത്രി ഇട്ടുവയ്ക്കുക. ഇല അടുത്ത ദിവസം ഞെരുടിപ്പിഴിഞ്ഞെടുത്ത സത്ത് മൂന്നുനാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാകും.

നിമാവിര

ഇവയുടെ ആക്രമണം മൂലം ചെടികളുടെ വളര്‍ച്ച മുരടിക്കുന്നു. ഇലകള്‍ മഞ്ഞളിക്കുന്നു. പുഷ്പിക്കുവാനും കായ്ക്കുവാനുമുള്ള താമസം നേരിടുന്നു. ആരോഗ്യമുള്ള ഇലകള്‍ വാടുന്നു. വേരുകള്‍ പിഴുതു പരിശോധിച്ചാല്‍ മുഴകള്‍ കാണാം.

നിയന്ത്രണം

കൃഷിയിടം 9-10 ഇഞ്ച് വരെ ആഴത്തില്‍ കിളച്ചുമറിച്ച് സൂര്യതാപമേല്‍പിക്കുക. ഉമി, അറക്കപ്പൊടി എന്നിവ തടത്തിലിട്ടു കൊടുക്കുക. കമ്മ്യൂണിസ്റ്റു പച്ച അല്ലെങ്കില്‍ വേപ്പില അല്ലെങ്കില്‍ പാണല്‍ ഇല ഒരു തടത്തില്‍ 250 ഗ്രാം എന്ന തോതില്‍ പുതയിടുക.

ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വാഴച്ചുണ്ട്, കോവയ്ക്ക, മുരിങ്ങയില തുടങ്ങിയവ അനുദിനം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

വി. ഒ. ഔതക്കുട്ടി
മുന്‍ കൃഷി ഓഫീസര്‍
ഫോണ്‍: 94461 25 632.

Related posts