പോത്താനിക്കാട്: പൈങ്ങോട്ടൂർ ടൗണിലെ ജൈവ മാലിന്യ സംസ്കരണ വൈദ്യുതോത്പാദന യൂണിറ്റ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം അനാഥമായിട്ട് അഞ്ചുവർഷമാകുന്നു. പത്തു വർഷം മുൻപ് ബയോടെക്കിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തും പൈങ്ങോട്ടൂർ പഞ്ചായത്തും സംയുക്തമായി സ്ഥാപിച്ച പ്ലാന്റാണിത്.
18 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇവിടെ പൈങ്ങോട്ടൂരിലെയും പരിസരങ്ങളിലെയും ജൈവ മാലിന്യങ്ങൾ സംസ്ക്കരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ടൗണിലെ മുപ്പതോളം തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യത്തെ അഞ്ചു വർഷം നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഇവിടത്തെ പ്ലാന്റ് ഓപ്പറേറ്റർ മരണപ്പെട്ടതിനു ശേഷമാണ്രതേ പ്ലാന്റ് അനാഥമായത്.
പ്ലാന്റിന്റെ പ്രവർത്തനം മുടങ്ങിയതു മുതൽ ടൗണിലെ മത്സ്യ മാംസ മാർക്കറ്റുകളിലെയും വ്യാപാര സ്ഥാപനങ്ങളിലേയും അവശിഷ്ടങ്ങൾ വിജനമായ സ്ഥലങ്ങളിലും ഓടകളിലുമാണ് നിക്ഷേപിക്കുന്നത്. ഇതുമൂലം ടൗണിന്റെ പലഭാഗങ്ങളിലും ദുർഗന്ധത്താൽ മൂക്കുപൊത്തി നടക്കേണ്ട സാഹചര്യമാണുള്ളത്.
യോഗ്യതയുള്ള ഒരു പ്ലാന്റ് ഓപ്പറേറ്ററെ എത്രയുംവേഗം നിയമിച്ച് യൂണിറ്റിന്റെ പ്രവർത്തനം പുനഃരാരംഭിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു.