മട്ടന്നൂർ: തരിശായി കിടന്ന കുന്നും മുകളിൽ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് നാലംഗസംഘം. ഉപയോഗശൂന്യമായിട്ടിരിക്കുന്ന സ്ഥലത്തു വിവിധയിനം പച്ചക്കറി കൃഷിയാണ് വിളയിച്ചിരിക്കുന്നത്. മട്ടന്നൂർ നഗരസഭയിലെ ഏളന്നൂർ മഞ്ചപറമ്പിൽ 13 ഏക്കർ സ്ഥലത്താണ് സമൃതി പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി കൃഷിയിറക്കിയത്.
ഓണത്തിനു ഒരു മുറം പച്ചക്കറി കൃഷിയുടെ ഭാഗമായാണ് നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടെ തരിശുഭൂമിയിൽ കൃഷിയിറക്കിയത്. ഏളന്നൂർ, കീച്ചേരി സ്വദേശികളായ എൻ.രാജീവൻ, കെ.ശ്രീനിവാസൻ, എൻ.അഷറഫ്, എം.മനോഹരൻ എന്നിവർ ചേർന്നാണു തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിറക്കിയത്.
ജനവാസം കുറഞ്ഞ പ്രദേശത്തു സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്. വെള്ളരി, കക്കിരി, ചീര, തക്കാളി, വെണ്ട, പൊട്ടിക്ക, കുമ്പളം, പച്ചമുളക് തുടങ്ങിയ 20 ഇനം പച്ചക്കറികളാണ് കൃഷിയിറക്കിയത്. കഴിഞ്ഞ ജൂൺ 16 നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നടീൽ ഉത്സവം നിർവഹിച്ച പച്ചക്കറി വിളവെടുപ്പിനായിരിക്കുകയാണ്.
നിർത്താതെ പെയ്യുന്ന മഴ പച്ചക്കറിയെ നേരിയ തോതിൽ ബാധിച്ചിരുന്നുവെങ്കിലും വിശ്രമമില്ലാതെ പരിചരിച്ചതിനാൽ നൂറുമേനി വിളയിക്കാനായതായി കർഷകർ പറയുന്നു. ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന പച്ചക്കറികൾ ഒഴിവക്കുന്നതിന്റെ ഭാഗമായാണ് ജൈവ പച്ചക്കറികൃഷി മട്ടന്നൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിലിറക്കിയത്.
നഗരസഭയുടെയും കൃഷിഭവന്റെയും സഹായങ്ങൾ കർഷകർക്ക് നൽകുന്നതായി നഗരസഭ കൗൺസിലർ മജീദ് പറഞ്ഞു. അടുത്ത ദിവസം പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സംവം നടത്തി വിപണിയിലെത്തിക്കാനാണ് കർഷകരുടെ ശ്രമം.