ജക്കാര്‍ത്ത: ഏഷ്യയുടെ സ്വന്തം കായികമാമാങ്കമായ ഏഷ്യന്‍ ഗെയിംസ് ഇന്ന് തിരിതെളിയും. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഗെലോറ ബുംഗ് കര്‍ണോ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ 18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് കാണാനെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.45 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തിലധികം കായികതാരങ്ങള്‍ ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും.
ഇന്തോനേഷ്യന്‍ ടച്ചുമായി ഉദ്ഘാടന ചടങ്ങ്
പ്രശസ്ത ഇന്തോനേഷ്യൻ ഗായകരായ ആന്ഗുന്, റെയ്സ, ടുലൂസ് തുടങ്ങിയവരുടെ ലൈവ് സംഗീത ഷോയാണ് ഉദ്ഘാട ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. ഇന്തോനേഷ്യയുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നിര്‍മിച്ചിരിക്കുന്ന120 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 26 മീറ്റര്‍ ഉയരവുമുള്ള ഭീമന് സ്റ്റേജാണ് ഉദ്ഘാടന പരിപാടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 4,000 പേരടങ്ങുന്ന നൃത്തസംഘമാണ് കാണികളെ തങ്ങളുടെ നൃത്തച്ചുവടുകളിലൂടെ വിസ്മയിപ്പിക്കാന് ഒരുങ്ങിയിരിക്കുന്നത്.
ഇന്തോനേഷ്യയുടെ സംസ്കാരവും പാരമ്പര്യവുമെല്ലാം ലോകത്തിന് കാണിച്ചുകൊടുക്കുന്ന പരിപാടികളായിരിക്കും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരിക്കുക എന്ന് സംഘാടകര്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പങ്കെടുക്കുന്ന രാജ്യങ്ങളുടെ മാര്‍ച്ച്പാസ്റ്റ് ഉണ്ടായിരിക്കും. ജാവ്ലിന് ത്രോ താരം നീരജ് ചോപ്രയാണ് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാക ഏന്തുന്നത്.
ഉദ്ഘാടന ദിവസം മത്സരങ്ങളില്ല
ഏഷ്യന്‍ ഗെയിംസിന്റെ ഗ്രൂപ്പ് ഇനങ്ങളുടെ ആദ്യഘട്ട മത്സരങ്ങള്‍ കഴിഞ്ഞ ഞായറാഴ്ചതന്നെ തുടങ്ങിയിരുന്നു.തിങ്കളാഴ്ച നടന്ന പുരുഷന്മാരുടെ ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ ചൈനീസ് തായ്പെയോട് ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. ഉദ്ഘാടന ദിവസമായ ഇന്ന് പ്രധാന മത്സരങ്ങളൊന്നും നടക്കുന്നില്ല.
ഇന്ത്യ എഷ്യന്‍ ഗെയിംസില്‍
572 അത്ലറ്റ്സ് അടക്കം 804 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍നിന്ന് ജക്കാര്‍ത്തയില്‍ എത്തിയിരിക്കുന്നത്. 183 ഒഫീഷ്യല്‍സും 119 പരിശീലകരും 21 ഡോക്ടര്‍മാരും 23 അധിക ഒഫീഷ്യല്‍സും ഇതില്‍ ഉള്‍പ്പെടുന്നു. 11 സ്വര്‍ണവും ഒമ്പതു വെള്ളിയും 37 വെങ്കലവുമായിരുന്നു കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സമ്പാദ്യം. വൂഷു, തായ്ക്വാന്‍ഡോ, റോളര്‍ സ്പോര്‍ട്സ് എന്നിവയിലടക്കം 36 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്.
ഗെയിംസിന്റെ ചരിത്രത്തില്‍ രണ്ടുതവണ മാത്രമെ ഇന്ത്യ ആദ്യ എട്ടില്‍നിന്ന് പുറത്തുപോയിട്ടുള്ളു. കഴിഞ്ഞ നാല് ഗെയിംസിലും ഇന്ത്യ പത്തോ അതിലധികമോ സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. അത്ലറ്റിക്സിലാണ് ഏറ്റവുമധികം മെഡലുകള്‍ നേടിയിട്ടുള്ളത്. ഇത്തവണ ഏറെ പ്രതീക്ഷയുള്ള ബാഡ്മിന്റണിലും ഭാരോദ്വഹനത്തിലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ സ്വര്‍ണ മെഡല്‍ നേടിയിട്ടില്ല. എല്ലാ ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്ത ഏഴു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്തോനേഷ്യ, ജപ്പാന്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.
ആദ്യ ദിനംതന്നെ സ്വര്‍ണം ലക്ഷ്യംവച്ച്
നാളെ വൈകുന്നേരം ഏഴിനു നടക്കുന്ന പൂള് ബി മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഇന്തോനേഷ്യയെ നേരിടും. രാവിലെ എട്ടിന് നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം മത്സരത്തില്‍ രവി കുമാര്‍ അപൂര്‍വി ചന്ദേല ടീം ഇറങ്ങും. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ അഭിഷേക് വര്‍മ, മനു ഭാകെര്‍ എന്നിവര്‍ മത്സരിക്കും. ഉച്ചയ്ക്ക് ശേഷം ഈ രണ്ടു മത്സരങ്ങളുടെയും ഫൈനല്‍ നടക്കും.
ഗുസ്തിയില്‍ പല വിഭാഗങ്ങളിലായി അഞ്ച് ഇന്ത്യക്കാര്‍ യോഗ്യതാ റൗണ്ടില്‍ നാളെ ഗോദയിലിറങ്ങും. 57 കിലോ വിഭാഗത്തില്‍ സന്ദീപ് ടോമര്‍, 65 കിലോ വിഭാഗത്തില്‍ ബയ്റാങ് പുനിയ, 74 കിലോ വിഭാഗത്തില്‍ സുശീല്‍ കുമാര്‍, 86 കിലോ വിഭാഗത്തില്‍ പവന് കുമാര്‍, 97 കിലോ വിഭാഗത്തില്‍ മൗസം കാത്രി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിലാണ് ആദ്യദിനത്തില്‍ ഇന്ത്യന്‍ സുവര്‍ണ പ്രതീക്ഷ. കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോകചാമ്പ്യന്ഷിപ്പിലുമൊക്കെ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള സുശീല്‍ കുമാറിന് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
പെയ്സിന്റെ പിന്മാറ്റം
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെന്നീസ് താരമായ ലിയാന്‍ഡര്‍ പെയ്സ് അവസാന നിമിഷം ഏഷ്യന്‍ ഗെയിംസില്‍നിന്ന് പിന്മാറി. ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമിലായിരുന്നു പെയ്സിനെ ഉള്‍പ്പെടുത്തിയിരുന്നത്. കൂടെ കളിക്കാന്‍ ഡബിള്‍സ് സ്പെഷലിസ്റ്റ് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പെയ്സിന്റെ പിന്മാറ്റം.
പൊന്നണിയാന്‍ പെണ്മണികള്
1970 ല്‍ ബാങ്കോക്കില്‍ നടന്ന എഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി കമല്‍ജീത് സന്ധു ഇന്ത്യക്ക് വേണ്ടി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ വനിതയായി. പിന്നീട് 1986ലെ സീയുള്‍ ഏഷ്യാഡില്‍ ഇന്ത്യ നേടിയ അഞ്ചു സ്വര്‍ണത്തില്‍ നാലും നേടിയത് ഒരു വനിതയായിരുന്നു. മലയാളികളുടെ സ്വന്തം പി.ടി. ഉഷയായിരുന്നു ആ വനിത. പിന്നീട് ഓരോ തവണയും ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കും ഫീല്‍ഡുമൊക്കെ കയ്യേറുന്ന കാഴ്ചകളാണ് ലോകം കണ്ടത്. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസുകളിലുമായി ഇന്ത്യ നേടിയ 25 സ്വര്‍ണമെഡലുകളില്‍ 10 എണ്ണം വനിതകളുടെ വകയായിരുന്നു.
18-ാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് ജക്കാര്‍ത്തയില്‍ തിരി തെളിയുമ്പോള്‍ ഇന്ത്യന്‍ സുവര്‍ണ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്ന ഒരുപിടി ചുണക്കുട്ടികളുണ്ട് ഇന്ത്യന്‍ വനിതാ ടീമില്‍. 572 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തില്‍ 260 പേര് വനിതകളാണ്.
ഹിമ ദാസ്
ഐഎഎഎഫ് ലോക അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണമെഡല്‍ നേടിയ ആസാംകാരി ഹിമ ദാസാണ് ട്രാക്കില്‍ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുള്ള പെണ്‍കുട്ടി. ഫിന്ലാന്ഡില് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഈ പതിനെട്ടുകാരി തന്റെ ഓരോ മത്സരങ്ങളും കഴിയുംന്തോറും പ്രകടനം മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. 400 മീറ്ററിനു പുറമെ വനിതകളുടെ 4-400 മീറ്റര്‍ റിലയിലും ഹിമ മത്സരിക്കുന്നുണ്ട്.
സീമ പൂനിയ
2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ സീമ പൂനിയ ഇത്തവണയും തന്റെ നേട്ടം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഏപ്രിലില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സീമ വെള്ളി മെഡല്‍ നേടിയിരുന്നു.
മനു ഭാകര്‍
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇവന്റ്സ് എന്നിവയില്‍ മത്സരിക്കുന്ന മനു ഭാകര്‍ ആണ് ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷ. ഇന്ത്യക്കു വേണ്ടി ഒരു മെഡല്‍ നേടാന്‍ ഈ 16 കാരിക്കായാല് അതൊരു ചരിത്ര നേട്ടമായിരിക്കും. ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
ദിപ കര്‍മാക്കര്‍
ജിംനാസ്റ്റിക്സ് മത്സരങ്ങളിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയാണ് ദീപ കര്‍മാക്കര്‍. റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ച ദീപ മുട്ടിനേറ്റ പരിക്കിനെതുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് പിന്മാറിയിരുന്നു.
ദീപിക കുമാരി
ഇന്ത്യന്‍ ആര്‍ച്ചറി ടീമിന്റെ ക്യാപ്റ്റനായ ദീപിക കുമാരി ഇത്തവണ മെഡലുമായി മടങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ ജൂണില്‍ അമേരിക്കയിലെ സാള്‍ട്ട് ലേക്കില്‍ നടന്ന ആര്‍ച്ചറി ലോകകപ്പില്‍ ദീപിക സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
ബാഡ്മിന്റണ്‍ റാണിമാര്‍
ഇന്ത്യയുടെ സൂപ്പര്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും പി.വി. സിന്ധുവും മെഡലുമായെ മടങ്ങു എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകര്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും മികച്ച ഫോമില്‍തന്നെയാണ് സിന്ധു.
ഗോദയില്‍ രണ്ടു പേര്
റിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്, ഇഞ്ചിയോണ്‍ ഏഷ്യാഡില്‍ വെങ്കലമെഡല്‍ നേടിയ വിനേഷ് ഭോഗട്ട് എന്നിവരാണ് ഗോദയില്‍ ഇന്ത്യയുടെ വനിതാ പ്രതീക്ഷകള്‍.
വനിതാ ഹോക്കി ടീം
കഴിഞ്ഞ തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കല മെഡല്‍ നേടിയിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ഒരു മെഡല്‍ നേടാന്‍ കഴിവുള്ള ടീം തന്നെയാണ് ഇന്ത്യയുടേത്. സൗത്ത് കൊറിയയും ചൈനയുമായിരിക്കും ഇന്ത്യയുടെ പ്രധാന എതിരാളികള്‍.