ഭൂലോകം മുഴുവൻ ജനപ്രീതിയുള്ള താരമാണ് ജാക്കി ചാൻ. ബ്രൂസ്ലീയ്ക്കു ശേഷം ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച മാർഷ്യൽ ആർട് താരം ജാക്കി ചാനാണ്. എന്നാൽ ജാക്കിയുടെ ആരാധകർ ഇപ്പോൾ ആകെ ഞെട്ടിയിരിക്കുകയാണ്. തങ്ങളുടെ ഹീറോയ്ക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോയെന്നാണ് അവർ ഇപ്പോൾ ചോദിക്കുന്നത്.
നെവർ ഗ്രോ അപ് എന്ന ആത്മകഥയിലൂടെയാണ് ജാക്കി ചാൻ ലോകത്തെ ഞെട്ടിച്ചത്. ചെറുപ്പകാലത്ത് താൻ തികഞ്ഞ മദ്യപാനിയും സ്ത്രീലന്പടനും ചൂതുകളി ഭ്രാന്തനുമായിരുന്നുവെന്നാണ് ആത്മകഥയിലൂടെ തന്റെ 64-ാം വയസിൽ താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ബ്രൂസ്ലീയുടെ സിനിമകളിൽ സ്റ്റണ്ട് അസിസ്റ്റന്റായിരുന്ന ജാക്കി ചാൻ എന്റർ ദ ഡ്രാഗൺ എന്ന വിഖ്യാത ബ്രൂസ്ലി ചിത്രത്തിൽ ഏതാനും നിമിഷ നേരത്തേക്കു മാത്രം പ്രത്യക്ഷപ്പെടുന്നുമുണ്ട്. പിന്നീട് സിനിമകളിൽ സജീവമായ ജാക്കിചാൻ പണം മുഴുവൻ ചൂതുകളിക്കും സ്ത്രീകൾക്കുമായി ചെലവഴിച്ചു.
ഓരോ രാത്രിയിലും ഓരോ സ്ത്രീകളുടെ കൂടെയാണ് താൻ കഴിഞ്ഞതെന്നും അവരുടെ പേരുകൾ പോലും താൻ തിരക്കാറില്ലായിരുന്നുവെന്നും താരം പറയുന്നു. മദ്യത്തിൽ മുങ്ങിയാണ് ആ കാലം ചെലവഴിച്ചതെന്നും ജാക്കി പറയുന്നു. നല്ല പിതാവോ ഭർത്താവോ ആകാൻ തനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ലെന്നും ആത്മകഥയിൽ ജാക്കി ചാൻ പറയുന്നു.