ജലജയുടെ കൊലപാതകം ഒരു സിനിമ കഥയെ വെല്ലും, കൊലപാതകിയായ ഫോട്ടോഗ്രാഫര്‍ പിടിയിലായത് ക്രൈംബ്രാഞ്ചിന്റെ രണ്ടുവര്‍ഷത്തെ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍, അന്ന് ആ വീട്ടില്‍ നടന്നത് ഇതൊക്കെ

ആലപ്പുഴ നങ്ങ്യാര്‍ക്കുളങ്ങരയില്‍ കോളിളക്കം സൃഷ്ടിച്ച ജലജ സുരന്‍ വധക്കേസില്‍ പ്രതിയെ രണ്ടുവര്‍ഷത്തിനുശേഷം പിടികൂടിയത് ക്രൈംബ്രാഞ്ചിന്റെ സാമര്‍ഥ്യം. നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ സുരന്‍ (46) കൊല്ലപ്പെട്ട കേസില്‍ മുട്ടം സ്വദേശി സജിത്താ(37)ണ് അറസ്റ്റിലായത്. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷം പോലീസിന്റെ മുമ്പിലൂടെ വിലസിയ കൊലപാതകി വലയിലായത് ക്രൈംബ്രാഞ്ചിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ്.

ജലജയുടെ ഭര്‍ത്താവ് സുരന്റെ അമ്മാവന്റെ മകനായ രാജുവിന്റെ സുഹൃത്താണ് സജിത് ലാല്‍. സുരന്റെ നിര്‍ദ്ദേശ പ്രകാരം വീട്ടിലെ മാരുതി കാര്‍ സര്‍വീസിന് കൊണ്ടുപോകാന്‍ രാജു സംഭവ ദിവസം ജലജയുടെ വീട്ടിലെത്തി.

കുവൈറ്റില്‍ ജോലിയുള്ള രാജുവിന് നാട്ടില്‍ വലിയ പരിചയം ഇല്ലാത്തതിനാല്‍ കാര്‍ കൊണ്ട് പോകാന്‍ സജിത്തിന്റെ സഹായം തേടി. സജിത് എത്താന്‍ വൈകിയതിനാല്‍ രാജു കാറുമായി പോയി. രാജുവിനെ അന്വേഷിച്ച് എത്തിയ സജിത്തിനെ ജലജ വീട്ടില്‍ കയറ്റിയിരുത്തി. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ സജിത് ജലജയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു സജിത്.

വെള്ളം കൊടുക്കുന്നതിനിടെ ജലജയോട് സഭ്യമല്ലാതെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തു. എതിര്‍ത്ത ജലജയെ നിലവിളക്കിന്റെ കാലു കൊണ്ട് തലയ്ക്ക് പിന്നിലടിച്ചു വീഴ്ത്തി. മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമാണെന്നു തോന്നിപ്പിക്കാനായി ജലജയുടെ താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നെടുത്തിരുന്നു.

കൊലപാതകത്തിനുശേഷം പ്രതി വീടിന്റെ മുകള്‍നിലയിലെ ശൗചാലയത്തില്‍ കുളിച്ചതായി കണ്ടെത്തിയിരുന്നു. വീടുമായി ഏറെ അടുപ്പമുള്ളയാളാണു കൊലയാളിയെന്നു പോലീസ് നിഗമനത്തിലെത്തിയിരുന്നു. പ്രതി വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ കുരച്ചില്ലെന്ന് അറിഞ്ഞതാണ് ഈ നിഗമനത്തിനു കാരണം. മോഷണശ്രമമെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണു നടന്നതെന്നു പോലീസ് സംശയിച്ചിരുന്നു.

മാലയും പണവും നഷ്ടപ്പെട്ടെങ്കിലും ജലജ ധരിച്ചിരുന്ന കമ്മല്‍ നഷ്ടപ്പെടാതിരുന്നതാണ് പോലീസിനു സംശയം തോന്നിപ്പിച്ചത്. കൊലപാതകം നടന്ന വീട്ടില്‍നിന്നു മോഷണം പോയ മൊബൈല്‍ ഫോണ്‍ പിന്നീട് ഒരു പ്രാവശ്യം ഓണാക്കിയിരുന്നു.

എന്നാല്‍, ഫോണ്‍ ഉപയോഗിച്ച ആളിനെപ്പറ്റി സൂചന ലഭിച്ചില്ല.പള്ളിപ്പാട് മുക്കില്‍ സ്റ്റുഡിയോ നടത്തിവന്ന സജിത് സ്റ്റുഡിയോ മറ്റൊരാളിനു കൈമാറുകയും 2016നവംബര്‍ 10ന് ഖത്തറിലേക്ക് ജോലിക്ക് പോകുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് വന്നില്ല. അന്വേഷണ സംഘം ഇയാളെ കേന്ദ്രീകരിച്ച് കൂടുതല്‍ തെളിവിലേക്ക് എത്തിച്ചേര്‍ന്നു. ഒടുവില്‍ ബന്ധുവിന്റെ സഹായത്തോടെ നാട്ടിലേക്ക് വിളിച്ചു വരുത്തി. കാത്തിരിക്കുന്നത് വിലങ്ങാണെന്ന് അപ്പോഴും സജിത് കരുതിയില്ല. വിവരം ഭാര്യയില്‍ നിന്നു പോലും ഇയാള്‍ മറച്ചുവച്ചു.

ഒരു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതി കുടുങ്ങാന്‍ ഇടയാക്കിയത്. ഈ മൊബൈല്‍ ഫോണ്‍ നമ്പര്‍ ക്രൈംബ്രാഞ്ചില്‍നിന്നു സജിത്ത് സമര്‍ഥമായി ഒളിച്ചുവച്ചിരിക്കുകയായിരുന്നു. 2015 ഓഗസ്റ്റ് 13-നാണ് ജലജയെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുരന്‍ വിദേശത്തായിരുന്നു. മക്കള്‍ ചെന്നൈയില്‍ വിദ്യാര്‍ഥികളും.

ലോക്കല്‍ പോലീസ് മൂന്നു മാസത്തോളം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. സംഭവസമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കേസ് ഒതുക്കിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായില്ല.

Related posts