ഞാൻ 44 വർഷം മുൻപ് ചെയ്ത സിനിമയാണ് തമ്പ്. എന്റെ ആദ്യത്തെ സിനിമ. അത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നു എന്നതൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്.
എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അതിനിടെ ഖത്തറിൽനിന്ന് ഒരു മാധ്യമപ്രവർത്തക എന്നെ വിളിച്ച് പോകുന്നുണ്ടോ എന്ന് ചോദിച്ചു. അവരോട് ഞാൻ സത്യമാണോ എന്ന് ചോദിച്ചു.
അതിനുശേഷമാണ് എനിക്ക് വിളികൾ ഒക്കെ വരുന്നത്. പ്രതീക്ഷിച്ചിട്ടില്ല എന്നത് പോട്ടെ, സ്വപ്നത്തിൽപോലും വിചാരിക്കാത്തതാണ്. രണ്ടു പേർക്ക് പോകാമായിരുന്നു.
ഫ്രാൻസിലാണ് ഇത് നടക്കുന്നത്. അമ്മു (മകൾ ദേവി) ഫ്രഞ്ച് പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അമ്മുവിനെ കൊണ്ടുപോയത്. എനിക്ക് ഇംഗ്ലീഷ് അറിയാം എന്നല്ലാതെ അവിടെ ആരെങ്കിലും ഫ്രഞ്ചിൽ സംസാരിച്ചാൽ ഞാൻ പെട്ട് പോകും.
ഇവൾ ആണെങ്കിൽ മണിമണിപോലെ ഫ്രഞ്ച് സംസാരിക്കും. അവിടെ പോയപ്പോൾ അതിന്റെ ഫലം ഞാൻ കണ്ടു. ഫ്രാൻസിലാണോ ജനിച്ചു വളർന്നത് എന്നൊക്കെ ആളുകൾ ചോദിച്ചു.
ഞാൻ അപ്പോൾ ഭയങ്കര ഇമ്പ്രസ്ഡ് ആയി. പഠിക്കാൻ വിട്ടിട്ട് അതിന്റെ ഗുണം ഉണ്ടായല്ലോ. പിന്നെ അവിടെ പോയ അനുഭവം, അത് പറഞ്ഞാലും പറഞ്ഞാലും തീരാത്ത, അല്ലെങ്കിൽ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്.
നേരത്തെ ഐശ്വര്യ റായ് ഒക്കെ അവിടെ നടക്കുന്നത് കണ്ടിട്ടുണ്ട്. അവിടെ നമ്മൾ നടക്കുന്നു എന്നത് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. -ജലജ