പാലക്കാട്: പ്രായപൂർത്തിയായ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച സംഭവത്തില് വാദപ്രതിവാദങ്ങൾ. വാളയാർ കേസിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനെയെ രൂക്ഷമായി വിമർച്ച് കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്.
വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരേയാണ് ജലജ രംഗത്തു വന്നിരിക്കുന്നത്.
വാളയാർ കേസിൽ വെറും മൂന്ന് മാസം മാത്രമാണ് താൻ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചതെന്നും അഭ്യന്തരവകുപ്പ് ഇടപെട്ടാണ് തന്നെ പെട്ടെന്ന് മാറ്റി ലത ജയരാജിനെ പകരം പ്രോസിക്യൂട്ടറായി നിയമച്ചിതെന്നും ജലജ മാധവൻ ആരോപിക്കുന്നു.
പാലക്കാട് ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാണ് കേസിൽ പ്രതിക്കായി കോടതിയിൽ ഹാജരായത്. ഈ നടപടി താൻ ചോദ്യം ചെയ്തതോടെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയതെന്നും ജലജ ഫേസ്ബുക്കിൽ കുറിച്ചു.
പുകമറ സൃഷ്ടിക്കാതെ ആരാണ് കേസിൽ വീഴ്ച വരുത്തിയതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണമെന്നും ജലജ മാധവൻ ആവശ്യപ്പെട്ടു.
ജലജ മാധവന്റെ ഫേസ്ബുക്ക് കുറിപ്പ്
ഞാനെന്തിന് വെറുതേ പഴി കേൾക്കണം?? സിഎമ്മിന്റെ പത്ര സമ്മേളനം…. വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർ… അവരെ മാറ്റുകയും ചെയ്തു.
എല്ലാം ശുഭം..വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടർ ആയിരുന്നു ഞാൻ. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല.
സത്യ വിരുദ്ധമായ കാര്യങ്ങൾ ചർച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങൾ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടര് മാർ എൽഡിഎഫ് സർക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തിൽ തുടരുകയും ചെയ്തു.
ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച് മാസത്തിൽ ഈ ആറു പബ്ലിക് പ്രോസിക്യൂട്ടർമാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർസ് വന്നു.
അങ്ങിനെയാണ് എന്റെയും നിയമനം. എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുന്പോഴേക്കും ഹോം ഡിപ്പാർട്മെന്റ്ൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓർഡിനറി ഓർഡർ പ്രകാരം എന്നെ മാറ്റി വീണ്ടും യുഡിഎഫ് കാലത്തെ, എൽഡിഎഫ് സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും ഹോം ഡിപ്പാർട്മെന്റിന്റെ ഓർഡർ പ്രകാരം.
ഇവിടെയാണ് ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറിനെ തന്നെ അപ്പോയിൻറ് ചെയ്യാനുള്ള കാരണമെന്ത്?
അതിന്റെ പിന്നിലെ കാരണം എന്ത്? ചാക്കോയും സോജനും എഫിഷ്യന്റ് ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ സി.എമ്മിന്റെ കണ്ടെത്തൽ?
വാളയാർ കേസിൽ സിഡബ്ല്യുസി ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്.
അപ്പോൾ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്. വാളയാർ കേസിൽ പ്രോസിക്യൂട്ടർമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം.
അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് ഞാൻ തയ്യാറാണ്.
മൊത്തമായി ഒരുമിച്ചു എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവെടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ.