മൂവാറ്റുപുഴ: കോഴിഫാമിൽ തുടങ്ങി സ്വർണക്കടത്തു കേസുകളിൽ പിടികിട്ടാപ്പുള്ളി ആയി മാറിയ ജലാലിന്റെ ബന്ധങ്ങൾ അന്വേഷിച്ച് അന്വേഷണസംഘം മൂവാറ്റുപുഴയിലേക്കും.
കോഴിഫാം നടത്തിയിരുന്ന മൂവാറ്റുപുഴ കമ്പനിപ്പടി ആര്യങ്കാലയിൽ ജലാൽ മുഹമ്മദ്(36) ഞൊടിയിടയിലാണ് കോടീശ്വരനായി മാറിയത്. യത്തീംഖാനയിൽ വളർന്ന ജലാൽ ഏഴ് വർഷം മുൻപാണ് തമിഴ്നാട്ടിൽ കോഴി ഫാം ആരംഭിച്ചത്.
തുടർന്ന് നഗരത്തിലെത്തി വിദേശത്തേക്ക് പോയി. കണ്ണടച്ച് തുറക്കും മുൻപ് സമ്പന്നനായി നാട്ടിൽ തിരികെ എത്തി സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടി മടക്കം.
ദരിദ്രമായ ചുറ്റുപാടിലായിരുന്ന കൗമാരകാലത്തിൽനിന്നും യുവത്വത്തിലെത്തിയപ്പോൾ അതിസമ്പന്നനായി മാറിയതിനു പിന്നിൽ കഠിനാധ്വാനം ആണെന്ന് നാട്ടുകാർ കരുതി.
2015-ൽ നെടുമ്പാശേരി വിമാനത്താവളം വഴി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ സ്വർണക്കള്ളക്കടത്ത് വെളിച്ചത്തെത്തിയപ്പഴായിരുന്നു ജലാലിന്റെ യഥാർഥ മുഖം നാട്ടുകാരറിയുന്നത്.
ഇതിൽ മൂവാറ്റുപുഴയിൽനിന്നും പത്തോളം പേർ അറസ്റ്റിലായിരുന്നെങ്കിലും പ്രധാനിയായ ജലാലിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇയാൾ ഒളിവിലായിരുന്നു.
ഒളിവിൽ ഇരുന്നുകൊണ്ടു തന്നെ ഉന്നതരുടെ സഹായത്തോടെ വീണ്ടും സ്വർക്കടത്തുമായി രംഗത്തെത്തി. പിന്നീട് ഇപ്പോൾ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ തന്നിലേക്ക് അന്വേഷണം നീളുന്നു എന്നറിഞ്ഞതോടെ ജലാൽ കസ്റ്റംസിൽ കീഴടങ്ങുകയായിരുന്നു.
ജലാൽ കീഴടങ്ങിയതറിഞ്ഞതോടെ ഇയാളുമായി അടുത്ത ബന്ധമുള്ള നഗരത്തിലെ പ്രമുഖ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയി.
2015 ലെ കേസിൽ പിടികൊടുക്കാതെ ഇയാൾ വിദേശത്തേക്കു മുങ്ങി. അവിടെവച്ചാണ് റമീസുമായി പരിചയപ്പെടുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം വീണ്ടും റമീസിന്റെ സഹായത്തോടെ സ്വർണ്ണക്കടത്ത് വിപുലീകരിച്ചു.
ഏതാനും വർഷങ്ങൾക്കിടയിൽ തന്നെ വിവിധ വിമാനത്താവളങ്ങൾ വഴി ജലാൽ 60കോടിയുടെ സ്വർണം കടത്തിയതായാണ് പുറത്തു വരുന്ന വിവരങ്ങൾ. തിരുവനന്തപുരത്തുനിന്നും സ്വർണം കടത്തിയെന്നു കരുതുന്ന ജലാലിന്റെ കാറിൽ രഹസ്യ അറ കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു വിശദമായ പരിശോധന നടത്തിയപ്പോൾ കാറിനു മുന്നിലെ ഇടതുവശത്തെ സീറ്റിന് അടിയിലാണ് പ്രത്യേക അറയുള്ളതായി കണ്ടെത്തിയത്. സീറ്റ് രണ്ടായി പിളർത്തി മാറ്റാവുന്ന രീതിയിലായിരുന്നു ക്രമീകരണം.