ചേറ്റുവ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഏങ്ങണ്ട ിയൂർ ഗ്രാമപഞ്ചായത്തിലെ ചേറ്റുവ രണ്ടാം വാർഡിൽ സ്വന്തം വീട്ടുമുറ്റത്ത് വർഷങ്ങളായി മണ്ണ് മൂടികിടന്ന തോട് മാലിന്യങ്ങൾ നീക്കം ചെയ്ത് മണ്ണ് മാറ്റി വീതികൂട്ടി ജലസംരക്ഷണത്തിനായി ഒരുങ്ങുകയാണ് രണ്ടാം വാർഡ് മെന്പർ ഇർഷാദ് കെ. ചേറ്റുവ .
കുടിവെള്ളത്തിനും മറ്റു ഉപയോഗങ്ങൾക്കുമായി വാട്ടർ അഥോറിറ്റിയുടെ ആഴ്ച്ചയിൽ ഒന്നോ ,രണ്ടോ തവണയുള്ള ജല വിതരണമാണ് നിലവിലെ ഏക ആശ്രയം. കുട്ടിക്കാലത്ത് ഈ തോട്ടിലേയും, ഇതിനോട് ബന്ധപ്പെട്ടു കിടക്കുന്ന ചേറ്റുവ പടന്ന, ചേലോട് നാട്ടുതോട്ടിലേയും ജലം കുളിക്കുന്നതിനും, വസ്ത്രങ്ങൾ കഴുകുന്നതിനും ,മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നതാണെന്നും, പടന്ന ചീപ്പിലൂടെ ഉപ്പുവെള്ളം കയറിയാണ് ഈ പ്രദേശത്തെ ശുദ്ധജലം മലിനമായതെന്നും, ഇത് പൂർവ സ്ഥിതിയിലാക്കാൻ ഇത്തരത്തിൽ വാർഡിലെ തോടുകളും, കുളങ്ങളും, തണ്ണീർ തടങ്ങളും സംരക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന തിരിച്ചറിവും, പഞ്ചായത്ത് ജല സംരക്ഷണ സമിതിയുടെ ഇടപെടലുമാണ് ഇത്തരത്തിൽ ചിന്തിക്കാൻ പ്രചോദനമായതെന്നും വാർഡ് മെന്പർ പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതിയും ജലസംരക്ഷണം ലക്ഷ്യം വെച്ച് കിണർ റീച്ചാർജിംങ്ങും ,പുതിയ കുളങ്ങൾ ,കിണറുകൾ എന്നിവ നിർമിച്ച് വരികയാണെന്നും കക്ഷി രാഷ്ട്രീയത്തിനധീതമായി ജല സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, അതിന് പാർട്ടിയും, മുന്നണിയും പൂർണ പിന്തുണയാണ് നൽകിയിട്ടുള്ളതെന്നും പഞ്ചായത്തിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ഇർഷാദ് കെ. ചേറ്റുവ പറഞ്ഞു.