കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കഴിഞ്ഞദിവസം കൊച്ചി കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാല്‍ ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ജലാലിനെ കൂടാതെ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരെയാണ് ഇന്നലെ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ അറസ്റ്റിലായ റമീസില്‍നിന്നും സ്വര്‍ണം വാങ്ങി ഇടപാടുകാരിലേക്ക് എത്തിച്ചിരുന്നത് ഇവരായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍നിന്നും കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമാണ് വിവരം.
ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന ജലാല്‍ വളരെ നാടകീയമായാണ് തിങ്കളാഴ്ച വൈകുന്നേരം കൊച്ചി കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങിയത്.
ജലാലിനെ ചോദ്യം ചെയ്തതില്‍നിന്നും ഇയാളുടെ സഹായിയായ നൗഷാദ് എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
മുമ്പും നിരവധി സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായ ജലാല്‍ ഉപയോഗിച്ചിരുന്ന കാര്‍ ഇന്നലെ തന്നെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
മലപ്പുറം തിരൂരങ്ങാടി രജിസ്ട്രേഷനിലുള്ളകാര് ജലാലിന്റെ വീട്ടില്‍ നിന്നാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തുടര്‍ന്ന് കസ്റ്റംസ് ഓഫീസിലെത്തി പരിശോധിച്ച കാറില്‍ സ്വര്‍ണം കടത്തുന്നതിനുള്ള രഹസ്യ അറ സജ്ജീകരിച്ചിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു.
അതേസമയം എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിന് കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ കൂടുതല്‍പേരുടെ പങ്ക് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഇപ്പോള്‍ റിമാന്‍ഡിലുള്ള കേസിലെ രണ്ടാം പ്രതി റമീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.