നോവലിസ്റ്റ് സേതുവിന്റെ ജലസമാധി എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ വേണു നായര്‍ സംവിധാനം ചെയ്ത സിനിമ സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും. ഡോക്കുമെന്ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും രാജ്യാന്തര പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ വേണു നായരുടെ ആദ്യ ഫീച്ചര്‍ സിനിമയെന്ന പ്രത്യേകതയും ജലസമാധിക്കുണ്ട്.
തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളില്‍ വൃദ്ധരെ ദയാവധത്തിന് ഇരയാക്കുന്ന ദുരാചാരമായ തലൈക്കൂത്തലിനെ ആസ്പദമാക്കി 2002 ല്‍ സേതു എഴുതിയ കഥയാണ് ജലസമാധി. തമിഴ്നാട്ടില്‍ ഇപ്പോഴും രഹസ്യമായി തുടരുന്നവെന്ന് കരുതുന്ന ഈ ദുരാചാരത്തിനു പിന്നിലുള്ള ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് കഥാകാരന് വെളിപ്പെടുത്തിയപ്പോള്‍ അത് ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
പിന്നീട് ഈ കഥ വികസിപ്പിച്ച് അടയാളങ്ങള്‍ എന്ന പേരില്‍ നോവലാക്കിയപ്പോഴും വായനക്കാരുടെ മികച്ച പ്രതികരണമാണ് കൃതിക്കു കിട്ടിയത്. 2007 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2006 ല്‍ വയലാര്‍ അവാര്‍ഡും നോവലിനു ലഭിച്ചു. ഇപ്പോള്‍ നോവല്‍ സിനിമയാകുമ്പോള്‍ അതിനു തിരക്കഥയൊരുക്കിയിരിക്കുന്നതും സേതു തന്നെയാണ്.
മൂന്നു പതിറ്റാണ്ടായി സീരിയല്‍, ഡോക്കുമെന്ററി, പരസ്യചിത്ര നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംവിധായകന് വേണു നായർ 1990 കളുടെ തുടക്കത്തില്‍ സേതുവിന്റെ കഥകള്‍ ദുരദര്‍ശനു വേണ്ടി സീരിയലായി സംവിധാനം ചെയ്തിരുന്നു. അക്കാലം മുതല്‍ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് പുതിയ ചിത്രത്തിന്റെ പിറവിക്കു വഴിതുറന്നത്.
വൃദ്ധര്‍ക്ക് മരണം വിധിക്കുന്ന മീനാക്ഷിപ്പാളയം എന്ന സങ്കല്പ ഗ്രാമത്തിന്റെ കഥപറയുന്ന ജലസമാധിയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് തമിഴ് നടന് എം.എസ് ഭാസ്കറാണ്. പുതുമുഖ താരം ലിഖ രാജനാണ് നായിക. വിഷ്ണുപ്രകാശ്, രഞ്ജിത് നായര്‍, സന്തോഷ് കുറുപ്പ്, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, പുതുമുഖങ്ങളായ ശ്യാംകൃഷ്ണന്, അഖില്‍ കൈമള്‍, സരിത, വര്‍ഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
പ്രജിത്താണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വേണു നായര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു നായര്‍ തന്നെയാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.