അമരാവതി: പ്രളയത്തില് മുങ്ങിയ ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിലാണ് വിള്ളലുണ്ടായത്.
ജലസംഭരണിയിൽ നാലിടങ്ങളിൽ വിള്ളലുണ്ടായതായി കണ്ടെത്തി. ജലസംഭരണി അപകടാവസ്ഥയിലാണെന്നും വെള്ളം ചോരുന്നതായി കണ്ടെത്തിയെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഇതേത്തുടർന്നു 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ ഒഴിപ്പിച്ചത്.
ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിലെല്ലാം നാലു ദിവസമായി കനത്ത മഴ തുടരുന്നു. മലയാളികളടക്കം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നിരവധി പേർ കുടുങ്ങിക്കിടക്കുകയായിരുന്നു.
എസ്പിഎസ് നെല്ലൂർ ജില്ലയിലെ സോമശില അണക്കെട്ടിൽനിന്ന് രണ്ടു ലക്ഷത്തിലധികം ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കിവിട്ടതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു
ആന്ധ്രയിലെ “മുല്ലപ്പെരിയാർ’ ആയി കൂറ്റൻ ജലസംഭരണി
തിരുപ്പതി: തിരുപ്പതി നാലാം ദിനവും പ്രളയത്തിൽ മുങ്ങിയപ്പോൾ ഏറ്റവും വലിയ ഭീഷണിയായി മാറുകയാണ് കൂറ്റൻ ജലസംഭരണയിലെ വിള്ളൽ. തിരുപ്പതിയിലെ രാമചന്ദ്രപുരത്താണ് ആന്ധ്രയിലെ തന്നെ ഏറ്റവും പഴക്കമുള്ളതും വലുതുമായ റിസർവോയർ സ്ഥിതി ചെയ്യുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മൂന്നു നേവി ഹെലികോപ്റ്ററുകൾ തിരുപ്പതി ജില്ലയിൽ എത്തിച്ചിട്ടുണ്ട്.
500 വർഷം പഴക്കം
എൻഡിആർഎഫിന്റെ മൂന്നു സംഘങ്ങളും എത്തി ക്യാംപ് ചെയ്യുന്നു. അവശ്യ വസ്തുക്കളുമെടുത്ത് ഉയർന്ന പ്രദേശങ്ങളിലേക്കു മാറാനാണ് ഇപ്പോൾ ജനങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. 500 വർഷം പഴക്കം ചെന്ന സംഭരണിയിൽ ചോർച്ച ശക്തമായതാണ് ആശങ്ക പരത്തിയിരിക്കുന്നത്.
ഡാം അപകടത്തിൽ
കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിനു സമാനമായ ആശങ്കയും സാഹചര്യവുമാണ് ഇപ്പോൾ ആന്ധ്രയിൽ നിലനിൽക്കുന്നത്. ഡാം അപകടാവസ്ഥയിലാണ്. ഏതു നിമിഷവും തകരാനും സാധ്യതയുണ്ട്. അതുകൊണ്ട് അവശ്യ വസ്തുക്കളുമായി എത്രയും വേഗം ഒഴിയണം.
പരമാവധി എല്ലാവരും സഹകരിക്കുക എന്ന അനൗൺസ്മെന്റ് ഈ മേഖലയിൽ തുടർച്ചയായി മുഴങ്ങുന്നുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ജില്ലാ കളക്ടർ ഹരി നാരായണൻ, പോലീസ് റവന്യു അധികൃതർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു സാഹചര്യങ്ങൾ വിലയിരുത്തി. ഇപ്പോൾ കാണുന്നത് ചെറിയ വിള്ളലുകളാണ്.
എന്നാൽ, റിസ്ക് എടുക്കാൻ സാധിക്കില്ല, അതുകൊണ്ട് ജനങ്ങളെ പരമാവധി സുരക്ഷിതരാക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നു ജില്ലാ കളക്ടർ പറഞ്ഞു.
0.9 ടിഎംസി വെള്ളമാണ് റിസർവോയറിൽ ഉള്ളത്. പേമാരിയും ഡാമുകൾ തുറന്നതും വൻ തോതിൽ വെള്ളം റിസർവോയറിലേക്ക് എത്താൻ കാരണമായി.
ഇത്രയധികം വെള്ളം ശേഖരിക്കാനുള്ള രീതിയിൽ നിർമിച്ചതല്ല ഈ റിസർവോയർ. നിറഞ്ഞ സംഭരണി ഇപ്പോൾ കഴിഞ്ഞൊഴുകുകയാണ്.
അതുകൊണ്ടു തന്നെയാണ് മുൻകരുതലായാണ് ജനങ്ങളെ ഒഴിപ്പിക്കുന്നതെന്നു ജില്ലാ സെപ്ഷൽ ഒാഫീസർ പ്രദ്യുമ്ന പറഞ്ഞു. അണ തകരാതെ തടയാൻ ഏതെങ്കിലും രീതിയിൽ സാധിക്കുമോയെന്ന കാര്യം എൻജിനിയർമാർ ആലോചിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.