പരിയാരം: മാലിന്യങ്ങള്‍ നിറഞ്ഞ മഴവെള്ള സംഭരണി മെഡിക്കല്‍ കോളജിലും പരിസരങ്ങളിലുമുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയായി മാറി. 2004 ല്‍ സഹകരണ ശതാബ്ദി സ്മാരകമായി ജില്ലാ സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ അന്നത്തെ ചെയര്മാന് എം.വി.രാഘവന് മുന്‍കൈയെടുത്ത് സ്ഥാപിച്ച 50 ലക്ഷം രൂപ ചെലവിട്ട ജലസംഭരണിയാണ് അധികൃതരുടെ അനാസ്ഥയില്‍ കൊതുകുവളര്‍ത്ത്-മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്.
മെഡിക്കല്‍ കോളജിലെ കുടിവെളള ക്ഷാമത്തിന് പരിഹാരമാകുമായിരുന്ന പദ്ധതി ഇപ്പോള്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ ബാധ്യതയായി മാറിയിരിക്കയാണ്. ഒരു കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ഈ മഴവെള്ളസംഭരണിയില്‍ ശേഷിയുടെ 10 ശതമാനം പോലും വെള്ളം പിടിച്ചുനിര്‍ത്താനാവുന്നില്ല. മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടേയും ആവശ്യങ്ങള്‍ക്കുവേണ്ട ശുദ്ധജലമായിരുന്നു എം.വി.രാഘവന് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇന്ന് പരിസരപ്രദേശങ്ങളിലെ ശുദ്ധജല ശ്രോതസുകളെ മലിനീകരിക്കുന്ന രോഗവാഹിനിയായി ഇത് മാറി.
ദേശീയപാതയ്ക്ക് അഭിമുഖമായി കണ്ണായ സ്ഥലത്ത് ഒരേക്കറോളം ഭൂമിയിലാണ് ജില്ലയിലെ ഏറ്റവും വലിയ സംഭരണി എന്ന നിലയില്‍ ഇതു നിര്‍മിച്ചത്. സമീപത്ത് തന്നെ രണ്ട് കൂറ്റന്‍ കിണറുകളും നിര്‍മിച്ചിരുന്നു. മെഡിക്കല്‍ കോളജിന്റെ എല്ലാ കെട്ടിടങ്ങളില്‍നിന്നും പൈപ്പ് വഴി വെള്ളം സംഭരണിയിലേക്ക് ഒഴുക്കി.എന്നാല്‍ തുടക്കത്തില്‍ തന്നെ സംഭരണിയുടെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊട്ടിപ്പിളര്‍ന്ന് വെള്ളം മുഴുവന്‍ ഭൂമിയില്‍ താഴ്ന്നു. ഈ ഭാഗത്ത് ഭൂമിക്കടിയിലൂടെയുള്ള വെള്ളമൊഴുക്ക് കണ്ടെത്താന്‍ കഴിയാത്തതാണ് ഇതിനു കാരണമായത്.
തുടര്‍നടപടി എന്ന നിലയില്‍ പന്ത്രണ്ട് ലക്ഷം രൂപ ചെലവില്‍ മഴവെള്ള സംഭരണി മുഴുവനായി പോളിത്തീന്‍ കവര്‍ ഉപയോഗിച്ച് പൊതിഞ്ഞുവെങ്കിലും അധികം വൈകാതെ പോളിത്തീന്‍ കവര്‍ നശിച്ചതോടെ ചോര്‍ച്ച തുടര്‍ന്നതിനാല്‍ വെള്ളം കെട്ടിനിര്‍ത്താന്‍ സാധിക്കാത്ത നിലയിലായി. നിരന്തരം പ്രശ്നങ്ങള്‍ വന്നതോടെ കോളജിന്റെ എൻജിനിയറിംഗ് വിഭാഗം പല സാങ്കേതികപ്രശ്നങ്ങളും പറഞ്ഞ് ജലസംഭരണി നന്നാക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറി.
അതോടെ ഒരു നാടിനുമുഴുവന്‍ ഗുണകരമാകുമായിരുന്ന വന്‍ പദ്ധതി അകാലചരമമടഞ്ഞു. ഇപ്പോള്‍ കടുത്ത മഴക്കാലത്ത് പോലും സംഭരണി നിറയുന്നില്ല, വര്‍ഷങ്ങളായി ശുചീകരണം നടത്താത്തതിനാല്‍ ചത്ത പട്ടികളുടെ ജഡങ്ങളുള്പ്പെടെ അഴുകി മലിനീകരിക്കപ്പെട്ട കൊതുക് വളര്‍ത്ത് കേന്ദ്രമായി മാറിയിരിക്കയാണ് സംഭരണി.
കാടു മൂടിക്കിടക്കുന്ന സംഭരണി മെഡിക്കല്‍ കോളജിനും പരിസരവാസികള്‍ക്കും ബാധ്യതയായി മാറിയിരിക്കുകയാണ്. ഒന്നെങ്കിൽ സംഭരണി മൂടുകയോ അതല്ലെങ്കില്‍ വേണ്ടവിധത്തില്‍ പരിപാലിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പരിയാരം വികസനസമിതി ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കും പരാതി നല്‍കിയിട്ടുണ്ട്. അടിയന്തിര തീരുമാനമുണ്ടാകാത്തപക്ഷം നാട്ടുകാര്‍ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന് സമിതി പ്രസിഡന്റ് ശിവസുബ്രഹ്മണ്യന് പറഞ്ഞു.