ജലോപരിതലം കിടക്കയാക്കി അര്‍ജുന്‍; മിനിറ്റുകളല്ല, മണിക്കൂറുകളോളം! വെള്ളത്തിനു മുകളില്‍ എത്രനേരം വേണമെങ്കിലും പൊന്തിക്കിടക്കും ഈ 14 വയസുകാരന്‍

പ്രദീപ് ഗോപി
Jalasayanam-02neww

പൊന്‍കുന്നം: കാറ്റ്‌നിറച്ച ബലൂണും ട്യൂബും പോലെ വെള്ളത്തിനു മുകളില്‍ എത്രനേരം വേണമെങ്കിലും പൊന്തിക്കിടക്കും ഈ 14 വയസുകാരന്‍. ചിറക്കടവില്‍ നാട്ടുകാര്‍ക്കാകെ അദ്ഭുതമാവുകയാണ് അര്‍ജുന്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥി.

ചിറക്കടവ് കുടിലംപ്ലാക്കല്‍ കെ.എന്‍. രാജീവിന്റെയും റ്റി.കെ. ജയകുമാരിയുടെയും മകനായ കെ.ആര്‍. അര്‍ജുന്‍ ജലാശയത്തില്‍ മിനിറ്റുകളല്ല, മണിക്കൂറുകളോളം ശയനം നടത്തും. യോഗ അഭ്യസിച്ച വരില്‍ ചിലര്‍ ജലശയനസിദ്ധി നേടുന്നതായി കേട്ടിട്ടുണ്ടെങ്കിലും അര്‍ജുന്റേത് ഇത്തരത്തിലല്ല. യോഗാഭ്യാസികള്‍ ജലശയനം നടത്തുന്നതു മിനിറ്റുകള്‍ മാത്രമാണെങ്കില്‍ അര്‍ജുന്‍ മണിക്കൂറുകളോളം വെള്ളത്തിനു മീതെ കിടക്കും. യോഗാഭ്യാസികള്‍ ശ്വാസം പിടിച്ചുനിര്‍ത്തിയാണ് വെള്ളത്തില്‍ പൊന്തിക്കിടക്കുന്നത്.

ഈ ക്രിയ മിനിറ്റുകള്‍ മാത്രമാകും നീളുന്നത്. എന്നാല്‍ അര്‍ജുന്‍ വെള്ളത്തില്‍ പൊന്തിക്കിടക്കുമ്പോള്‍ ശ്വാസോച്ഛ്വാസം സാധാരണ നിലയില്‍ത്തന്നെയാണ്. കൈയും കാലും ചലിപ്പിക്കാതെ ശരീരം പൂര്‍ണ നിശ്ചലമാക്കിയാണ് കിടപ്പ്. ജലശയനത്തിന്റെ സുഖത്തില്‍ ഉറക്കം വന്നാല്‍ മാത്രമാണ് പിന്മാറ്റം.

നാലു വര്‍ഷം മുമ്പ് കുളത്തില്‍ നീന്തിമടുത്തപ്പോള്‍ വെറുതെയൊന്ന് മലര്‍ന്ന്കിടന്ന് വിശ്രമിച്ചതാണ്. വെള്ളത്തില്‍ താഴ്ന്നു പോകുന്നില്ലെന്നു കണ്ടപ്പോള്‍ കൗതുകം തോന്നി ഏറെനേരം കിടന്നു. ചിറക്കടവ് മഹാദേവക്ഷേത്രത്തിനു മുമ്പിലെ വലിയ കുളത്തിലായിരുന്നു അര്‍ജുന്റെ ഈ തുടക്കം. പിന്നെ അവധിദിവസങ്ങളില്‍ ഇവിടെ കുളിക്കാനെത്തുമ്പോള്‍ ജലശയനം പതിവാക്കിത്തുടങ്ങി. നാലു വര്‍ഷമായി നാട്ടുകാര്‍ക്ക് അദ്ഭുതക്കാഴ്ചയാണ് അര്‍ജുന്റെ ഈ പ്രകടനം.

ചിറക്കടവ് എസ്ആര്‍വി എന്‍.എസ്.എസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അര്‍ജുന്‍. അച്ഛന്‍ രാജീവ് കാഞ്ഞിരപ്പള്ളി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥനാണ്. സഹോദരി അശ്വതി എംകോം പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്നു.

Related posts