ഹരിപ്പാട്: മുട്ടം ജലജാസുരൻ വധക്കേസ് പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് 3.30 ഓടെ തിരുവനന്തപുരം ജില്ലാ ജയിലിൽ നിന്നും ഹരിപ്പാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ജി.പ്രവീണ്‍ കുമാറിന് മുന്നിൽ ഹാജരാക്കിയ പ്രതി മുട്ടം പീടികപ്പറന്പിൽ സജിത്തിനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്. തുടർന്ന് വൈകിട്ട് 5.30 ഓടെയാണ് കൊലനടന്ന മുട്ടം ഭാരതിയിൽ എത്തിച്ചത്.
2015 ഓഗസ്റ്റ് 13നാണ് ജലജ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന സുജിത് ജലജയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തെത്തി അവരെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ശക്തമായി എതിര്‍ത്തതോടെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മുകള്‍ നിലയിലെ കുളി മുറിയിപ്പോയി കുളിക്കുകയും ചെയ്തു. മാവേലിക്കര സബ് ജയിലില്‍ നിന്ന് സുജിതിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.
വൻ പൊലീസ് കാവലിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിന് എത്തുമെന്നറിഞ്ഞ് രാവിലെ മുതൽ വൻ ജനാവലിയാണ് കാത്ത് നിന്നത്. പ്രദേശത്തെ കാഞ്ഞൂർ ദേവീ ക്ഷേത്രത്തിൽ ഉത്സവചടങ്ങുകളുടെ ഭാഗമായി കോലമെഴുന്നള്ളത്ത് ഉണ്ടായിട്ടുപോലും അതിന് പോലും പോകാതെ ജനങ്ങൾ പ്രതിയെ കാണുവാൻ കാത്ത് നിൽക്കുകയായിരുന്നു.പോലീസ് തീർത്ത സംരക്ഷണവലയത്തിൽ കൈയ്യിൽ വിലങ്ങുമായി പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാത്രമാണ് പ്രതിയ്ക്കൊപ്പം വീട്ടിനുള്ളിൽ കയറിയത്. തുടർന്ന് ജലജയുടെ സഹോദരി പൊടിമോൾ, മകൻ ആരോമൽ, ഭർത്താവ് സുരൻ, മകൾ അമ്മു എന്നിവരെ ഓരോരുത്തരെ ഉള്ളിലേക്ക് വിളിപ്പിച്ചു. തുടർന്ന് അര മണിക്കൂറിന് ശേഷം വീടിന്റെ ടെറസിൽ എത്തിച്ചും തെളിവെടുത്തു. പ്രതി കൃത്യം ചെയ്ത രീതി ഓരോ സ്ഥലവും കൃത്യമായി കാണിച്ച് വിവരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് പൊലീസ് വാഹനത്തിൽ പ്രതിയെ മുട്ടത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കൃത്യത്തിന് ശേഷം രക്ഷപെട്ട ബൈക്ക് കണ്ടെത്താനാണ് വീട്ടിലേക്ക് കൊണ്ടുപോയത്. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകാരായ ജബ്ബാർകുട്ടി, ഉണ്ണി .ജെ. വാര്യത്ത് എന്നിവർ ഹാജരായി. ജനുവരി 6 വരെയാണ് കസ്റ്റഡി കാലാവധി. നേരത്തേ സാക്ഷികളെ മാവേലിക്കര സബ് ജയിലിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റി. മുട്ടം ഭാരതിയിൽ ജലജാസുരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന പ്രതിയെ നാട്ടിൽ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2015 ആഗസ്റ്റ് 13നാണ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജലജയെ (47) നിലവിളക്കിന്റെ കാൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പീഡന ശ്രമം തടഞ്ഞപ്പോൾ നടന്ന കൊലപാതകമെന്ന നിലയിലാണ് ക്രൈം ബ്രാഞ്ചിനോട് പ്രതി കുറ്റ സമ്മതം നടത്തിയിരിക്കുന്നത്.
തെളിവെടുപ്പ് വേളയിലും പ്രതി ഇത് സമ്മതിച്ചെന്നും, ജലജയുടെ വീടിന്റെ മുക്കും മൂലയും കൃത്യമായി വിവരിച്ച് കുറ്റ സമ്മതം നടത്തിയെന്നുമാണ് വിവരം. വരും ദിവസങ്ങളിൽ വീട്ടിൽ നിന്നും മോഷണം പോയ ആഭരണങ്ങൾ, മൊബൈൽ ഫോണ്‍, പണം, തലയ്ക്കടിച്ച് കൊല്ലാൻ ഉപയോഗിച്ച നിലവിളക്ക് എന്നിവ സംബന്ധിച്ച തെളിവെടുപ്പ് നടത്തും. രണ്ടേകാൽ വർഷത്തിന് ശേഷം നടക്കുന്ന തെളിവെടുപ്പിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും മുന്നോട്ട് പോകുക.
അക്രമിക്കാൻ ഉപയോഗിച്ച നിലവിളക്കും, സംഭവ സമയത്ത് ഇട്ടിരുന്ന രക്തം പുരണ്ട ഷർട്ടും, മൊബൈൽ ഫോണും തൃക്കുന്നപ്പുഴ കടലിൽ ഉപേക്ഷിച്ചെന്നാണ് സജിത്തിന്റെ മൊഴി. ക്രൈംബ്രാഞ്ച് ഐ.ജി കെ.ശ്രീജിത്ത്, എസ്.പി കെ.എസ് സുദർശൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.