തിരുവനന്തപുരം/കൊച്ചി: നയന്ത്ര പാഴ്സൽ വഴി മതഗ്രസ്ഥങ്ങൾ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവിന് സാക്ഷ്യപത്രം നൽകാനോ ചട്ടപ്രകാരം കഴിയില്ലെന്നിരിക്കെ മതഗ്രന്ഥങ്ങൾ അടങ്ങിയ പാക്കറ്റ് സി-ആപ്റ്റിന്റെ ലോറിയിൽ മലപ്പുറത്തെത്തിച്ച് വിതരണം ചെയ്യുകയായിരുന്നുവെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദത്തിൽ ദുരൂഹതയേറുന്നു.
4479 കിലോ ഭാരമുള്ള നയതന്ത്ര ബാഗിൽ ആറായിരം മതഗ്രന്ഥമുണ്ടായിരുന്നെന്ന വാദം ശരിയാണോയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലുമാണ് കസ്റ്റംസ്.
മറ്റൊരു രാജ്യത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ അയയ്ക്കുന്നത് യുഎഇ സർക്കാരിന്റെ നയമല്ലെന്ന് യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് നേരത്തെ ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.
കേരളത്തിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്നും അന്ന് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന് കസ്റ്റംസ് റിപ്പോർട്ട് വന്നത് വാസ്തവവിരുദ്ധമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തലുമായെത്തിയത്.
മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്.
മതഗ്രന്ഥങ്ങൾ പാഴ്സലിൽ എത്തുന്ന സർക്കാർ അറിഞ്ഞിരുന്നോ, സർക്കാരിന്റെ അനുമതിയോടെയാണോ പുസ്തകങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിൽ എത്തിയത് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ മന്ത്രി കെ.ടി ജലീൽ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഈ ചോദ്യങ്ങളിൽ വ്യക്തമായ പ്രതികരണം മന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്തതും ദുരൂഹത വർധിപ്പിച്ചിരിക്കുകയാണ്.
മന്ത്രിയുടെ നടപടികൾ നയതന്ത്രബന്ധത്തിനു മേലുള്ള കടന്നുകയറ്റവും അധികാര ദുർവിനിയോഗമാണെന്നും ജലീൽ യുഎഇ കോൺസുലേറ്റുമായി നേരിട്ട് ഇടപെട്ടതിനെക്കുറിച്ച് കേന്ദ്രസർക്കാർ ഏജൻസികൾ അന്വേഷിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസൻ ആരോപിച്ചിരുന്നു.
യുഎഇയിൽ നിന്ന് സംസ്ഥാനത്ത് എത്തിയ മതഗ്രന്ഥങ്ങൾ അടങ്ങിയതെന്നു സംശയിക്കുന്ന നയതന്ത്ര പാഴ്സലുകൾ സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് സമൻസ് അയച്ചിട്ടുണ്ട്. ഈ മാസം 20 നകം രേഖകൾ ഹാജരാക്കാനാണ് നിർദേശം.
മന്ത്രി അടക്കമുള്ളവർ ആരോപണവിധേയരായതോടെ അതീവ ജാഗ്രതയോടെയാണ് കസ്റ്റംസ് ഈ കേസിനെ സമീപിച്ചിരിക്കുന്നത്. എവിടെങ്കിലും പാളിപ്പോയാൽ രാഷ്ട്രീയ ആരോപണമായി അന്വേഷണം മാറുമെന്നതിനാൽ എല്ലാ വശവും കൃത്യമായി പരിശോധിച്ചും വിലയിരുത്തിയും അന്വേഷണം മുന്നോട്ടു കൊണ്ടുപോയാൽ മതിയെന്നാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന നിർദേശം.
ഈ സംഭവത്തിൽ വ്യക്തതവരേണ്ടതു മന്ത്രിയുടെ കൂടെ ആവശ്യമായി മാറിയിരിക്കുകയാണ്. പുകമറ നീങ്ങാൻ അന്വേഷണം നടന്നു സത്യം പുറത്തുവരട്ടെയെന്നാണ് മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.
മതഗ്രന്ഥം വിതരണം ചെയ്തതിന്റെ പേരിൽ പ്രോട്ടോക്കോൾ പറഞ്ഞു തന്നെ പ്രതിക്കൂട്ടിലാക്കുന്നതിനെയും മന്ത്രി വിമർശിച്ചിരുന്നു. അതേസമയം, സൗദി കോൺസുലേറ്റ് ചെയ്യുന്നതുപോലെ മതഗ്രന്ഥങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് ഒൗദ്യോഗികമായി അയയ്ക്കുന്ന പതിവ് യുഎഇ കോൺസുലേറ്റിന് ഇല്ല എന്ന മാധ്യമ റിപ്പോർട്ട് സംഭവത്തെ കൂടുതൽ വിവാദങ്ങളിലേക്കും വളർത്തിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ പ്രതികരണമെന്ന നിലയിലാണ് ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.