ചേര്‍ത്തല: മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസ്താവന പ്രതിലോമപരമായി വ്യാഖ്യാനിച്ചത് മുസ്ലിംലീഗ് വർഗീയ കണ്ണിലൂടെ എല്ലാം കാണുന്നതിനാലാണെന്നും രാഷ്ട്രീയ സ്വത്വം ഉപേക്ഷിച്ച ലീഗ് മതസാമുദായിക സ്വത്വം സ്വീകരിച്ചതിന്റെ കുഴപ്പാമാണതെന്നും മന്ത്രി കെ.ടി ജലീൽ.
ചേർത്തലയിൽ എംബിബിഎസ് പ്രവേശനം നേടിയ ഓമനക്കുട്ടന്റെ മകളെ വീട്ടിലെത്തി അനുമോദിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെ നിയന്ത്രിക്കുന്നത് കേരള കോൺഗ്രസോ, ആർഎസ്പിയോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ ആർക്കും ഇങ്ങനെ വ്യാഖ്യാനം ഉണ്ടാകില്ല.
ലീഗിനെ പരാമർശിച്ചപ്പോൾ പ്രതിലോമപരമായി ചിത്രീകരിക്കുന്നത് അവർ വർഗീയ കണ്ണിലൂടെ എല്ലാം കാണുന്നത് കൊണ്ടാണ്. ആർഎസ്എസ് വർഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും ആരാണ് നിലകൊള്ളുന്നതെന്ന് നാടിനറിയാം.
വർഗീയവിരുദ്ധ പടനായകനായ മുഖ്യമന്ത്രിയെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് കേരളീയ സമൂഹവും ലീഗ് പ്രതിനിധാനംചെയ്യുന്ന ജനവിഭാഗവും തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.