തൃശൂർ: മാനദണ്ഡങ്ങൾ പാലിക്കാതെ കിലയിൽ മന്ത്രി കെ.ടി.ജലീൽ പത്തുപേരെ നിയമിച്ചെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചു. മന്ത്രിയുടെ താത്പര്യപ്രകാരം എസ്.ഡി.പി.ഐ പ്രവർത്തകരേയും കിലയിൽ നിയമിച്ചതായും അനിൽ അക്കര പറഞ്ഞു. അഭിമന്യു കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐ അനുഭാവകൾ ഉൾപ്പടെയുള്ളവരെയാണ് കിലയിൽ നിയമിച്ചതെന്നും അനിൽ അക്കര പത്രസമ്മേളനത്തിൽ പറഞ്ഞു.
കിലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് തെറ്റായ മറുപടിയാണ് മന്ത്രി സഭയിൽ നൽകിയതെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് അവകാശ ലംഘനത്തിന് പരാതി നൽകിയതായും എംഎൽഎ ്റിയിച്ചു.
കിലയിലെ നിയമനങ്ങൾ എല്ലാം പിഎസ് സി വഴി നടത്തണമെന്ന് മന്ത്രി കൂടി അംഗമായ കില നിർവാഹകസമിതി തീരുമാനമെടുത്തിരുന്നുവെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി. 90 ദിവസത്തിൽ കൂടുതൽ വരുന്ന നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടെന്നും എംഎൽഎ ഓർമിപ്പിച്ചു.
ഇതെല്ലാം പൂർണമായി ലംഘിച്ചാണ് കിലയിൽ മന്ത്രിയും കില ഡയറക്ടറും നിയമനങ്ങൾ നടത്തിയത്. പരസ്യമോ കൂടിക്കാഴ്ചയോ നടത്താതെ അപേക്ഷ പോലും വാങ്ങാതെയാണ് പത്തോളം പേരെ മന്ത്രി നേരിട്ട് നിയമിച്ചത്. പ്രദേശവാസികളാണ് ഇവരെന്നാണ് കില നൽകുന്ന വിശദീകരണം.
എന്നാൽ കില നിലനിൽക്കുന്ന മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പരിധിയിൽ വരാത്ത നിരവധി ആളുകളെ ഇതിനകത്ത് നിയമിച്ചിട്ടുണ്ടെന്നും അനിൽ അക്കര ആരോപിച്ചു. കിലയിലെ നിയമനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും പരാതി അയച്ചെന്ന് എംഎൽഎ പറഞ്ഞു.
എസ്ഡിപിഐക്കാരെ മന്ത്രിയുടെ താത്പര്യപ്രകാരം കിലയിൽ നിയമിച്ചതിനെക്കുറിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മറുപടി പറയണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. ഏതു മാനദണ്ഡത്തിലാണ് എസ്ഡിപിഐക്കാരെ കിലയിൽ നിയമിച്ചതെന്നും എംഎൽഎ ചോദിച്ചു.
എസ്ഡിപിഐയും ജലീലും തമ്മിലുള്ള രഹസ്യബന്ധമാണ് ഇതോടെ വെളിപ്പെട്ടിരിക്കുന്നതെന്നും കിലയിലെ അനധികൃത നിയമനങ്ങൾ മുഴുവൻ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ അന്വേഷിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്തും പത്രസമ്മേളനത്തിൽ പങ്കെടുത്തു.