കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരേ വീണ്ടും ആരോപണവുമായി യൂത്ത് ലീഗ്. ബന്ധു അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന്റെജനറല് മാനേജറായി നിയമിക്കാന്‍ യോഗ്യതയില്‍ മനപൂര്‍വം മാറ്റം വരുത്തിയെന്നും മന്ത്രിസഭായോഗത്തിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം മന്ത്രി തള്ളിയെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രി അവഗണിച്ചു.ഈ തെളിവുകളെല്ലാം പുറത്തായി എന്നറിയുന്നതുകൊണ്ടാണ് ജലീല്‍ പരസ്യസംവാദത്തില്‍ നിന്ന് പിന്മാറിയത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണം. യോഗ്യതകള്‍ പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി നോട്ട് എഴുതി വകുപ്പ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഉത്തരവിറക്കുകയായിരുന്നു. ഇതില്‍ മുഖ്യമന്ത്രി ഒപ്പിട്ടിട്ടുണ്ട്.
യോഗ്യതയില്മാറ്റം വരുത്തിയത് മുഖ്യമന്ത്രി അഞിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണം. ജലീല്‍ , ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും അന്വേഷണം നേരിടണമെന്നും ഫറോസ് ആവശ്യപ്പെട്ടു. ബന്ധുവിനെ ബിടെക്കിന് പുറമേ അധികയോഗ്യതയായ പിജിഡിബിഎ കൂടി ഉള്‍പ്പെടുത്തി ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന്റെജനറല് മാനേജറായി നിയമിച്ചുവെന്ന ആക്ഷപമാണ് ഇപ്പോള്‍ കൂടുതല്‍ ബലപ്പെട്ടിരിക്കുന്നത്.
അണ്ണാമല സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭ്യാസം വഴിയാണ് കെ.ടി. അദീബ് പിജിഡിബിഎ നേടിയത്. ഇതിന് കാലിക്കട്ട് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നുവെന്നാണ് കോര്പ്പറേഷന് വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം പുറത്ത് വന്നു. ഇതോടൊപ്പം മന്ത്രി നേരിട്ട് യോഗ്യതയ്ക്കായുള്ള മാനദണ്ഡത്തില്‍ കൂട്ടിച്ചേറക്കലുകള് നടത്തിയെന്നാണ് ആക്ഷേപം. യോഗ്യതയില്ലെന്ന വാദം ശക്തമായതോടെ അദീബ് സ്വയം രാജിവച്ചൊഴിയുകയായിരുന്നു.