കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കും. ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.
കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗിനെ മന്ത്രി നേരത്തെ വെല്ലുവിളിച്ചിരുന്നു. ജലീല്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നായിരുന്നു ആക്ഷേപം. വ്യാഴാഴ്ച യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
ജലീൽ പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിയമിച്ചെന്നാണ് ആരോപണം. പിതൃസഹോദര പുത്രനായ കെ.ടി. അദീബിനെ യോഗ്യതയില്‍ ഇളവ് നല്കി ജലീല്‍ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം.
എന്നാൽ നിയമനത്തിൽ തെറ്റില്ലെന്നാണ് ജലീലിന്റെ വിശദീകരണം. മൂന്ന് പേരാണ് ഇന്റർവ്യൂവിന് ഹാജരായത്. ഇതിൽ മൂന്ന് പേർക്കും യോഗ്യതയില്ലെന്നും അതിനാൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയായിരുന്നുവെന്നുമാണ് മന്ത്രി നൽകിയ വിശദീകരണം.