സ്വന്തം ലേഖകന്‍
കോഴിക്കോട്: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെതിരേ കോടതിയെ സമീപിക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നിരിക്കേ കൂടുതല്‍ യുവജനസംഘടനകളെ പ്രത്യക്ഷ സമരത്തിലേക്ക് തിരിക്കാന്‍ യൂത്ത് ലീഗ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും ഒരു പ്രതികൂല പരാമര്‍ശം ഉണ്ടാകാതെ മന്ത്രി രാജിവയ്ക്കുമെന്ന് അദ്ദേഹത്തിന്റെ കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും കരുതുന്നില്ല. ആരോപണവുമായി കോടതിയെ സമീപിക്കാന്‍ കാലതാമസം നേരിടും താനും. ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സിന് നല്കിയ പരാതി മാത്രമാണ് മന്ത്രിക്കെതിരേ നിയമപരമായി യൂത്ത് ലീഗ് എടുത്ത നടപടി.
വിജിലന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷമേ കോടതിയെ സമീപിക്കാന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തില്‍ വരുന്ന കാലതാമസം മന്ത്രിക്ക് അനുകൂലമായി തിരിക്കാനും രേഖകള്‍ ലഭിക്കുന്നത് തടയാനുമുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷകളില്‍പോലും കാലതാമസം ഉണ്ടാകുന്നുവെന്ന് ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
തുടര്‍ച്ചയായി തെളിവുകള്‍ എതിരാളികള്‍ക്ക് ലഭിക്കുന്നത് തടയാനാണ് ഇപ്പോള്‍ ശ്രമം. ബന്ധുനിയമനത്തിന് പുറമേ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇതിനകം ജലീലിനെതിരേ ഉയര്‍ന്നുകഴിഞ്ഞു. ആരോപണങ്ങള്‍ കോടതിയില്‍ എത്തുന്നതുവരെ വിഷയം സജീവമായിനിലനിര്ത്താനാണ് യൂത്ത് ലീഗ് ശ്രമിക്കുന്നത്.
യുഡിഎഫ് നയിക്കുന്ന വിശ്വാസസംരക്ഷണയാത്ര കഴിഞ്ഞാല്‍ നേതാക്കള്‍ കൂട്ടത്തോടെ ജലീലിനെതിരേ രംഗത്തുവരുമെന്നാണ് കണക്കുകൂട്ടല്‍ . ബന്ധുനിയമന വിവാദത്തില്‍ പ്രതിരോധത്തിലായ മന്ത്രി കെ.ടി ജലീലിന്റെ സ്ഥാനം സംരക്ഷിക്കാനാണ് കെ.ടി. അദീബ് രാജി വച്ചതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മന്ത്രിയുടെ രാജിവരെ സമരം തുടരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചിരിക്കുന്നത്.
മന്ത്രിയുടെ ബന്ധുവിന്റെ യോഗ്യതയ്ക്ക് അംഗീകാരമില്ലെന്ന വിവരം കൂടി പുറത്തായതോടെയാണ് അദീബ് രാജിവച്ചൊഴിയാന്‍ സന്നദ്ധനായത്. പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും യോഗ്യതയില്ലെന്ന വാദം ശക്തമായതോടെ സ്വയം രാജിവച്ചൊഴിയുകയായിരുന്നു അദ്ദേഹം. കോടതിയില്‍ കേസ് വരുമ്പോള്‍ തന്നെ ആരോപണ വിധേയനായ വ്യക്തി തത്സ്ഥാനത്ത് തുടരുന്നില്ലെന്ന് എതിര്‍വിഭാഗത്തിന് വാദിക്കാനാകും.
അണ്ണാമല സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭ്യാസം വഴിയാണ് കെ ടി അദീബ് പിജിഡിബിഎ നേടിയത്. ഇതിന് കാലിക്കട്ട് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നുവെന്നാണ് കോര്പ്പറേഷന് വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം പുറത്ത് വന്നതോടെ മന്ത്രിയുടെ ഇടപെടല്‍ കൂടുതല്സംശയത്തിന്റെ നിഴലിലായിരിക്കയാണ്.