കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു മന്ത്രി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും. ഇതിനിടെ, പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചു കോൺസുലേറ്റിനെതിരേ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നയതന്ത്ര ചാനൽ വഴി എത്തിച്ച സാധനങ്ങൾ പുറത്തു വിതരണം ചെയ്യുന്നതു ചട്ടലംഘനമാണെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നത്.
ഇവിടെ ജലീലിനു ലഭിച്ച മതഗ്രന്ഥങ്ങൾ അടങ്ങിയ പാഴ്സൽ പുറത്തെ സംഘടനകൾക്കു വിതരണം ചെയ്തതായി അദ്ദേഹംതന്നെ സമ്മതിച്ചിട്ടുണ്ട്.
എൻഐഎ തന്നെ സാക്ഷി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നാണ് ആരോപണങ്ങളെ പ്രതിരോധിക്കാൻ ജലീൽ ഉയർത്തിയിരിക്കുന്ന വാദം. അതേസമയം, പ്രോട്ടോക്കോൾ ലംഘനത്തിൽ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രിയുടെ പങ്ക് വ്യക്തമായാൽ മന്ത്രി പ്രതിസ്ഥാനത്തേക്കു വരാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെ, യുഎഇ കോൺസുലേറ്റ് വഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ എന്നീ ഏജന്‍സികള്‍ ചോദ്യം ചെയ്തതിനു പിന്നാലെ മൂന്നാമത്തെ ഏജന്‍സിയാണു മന്ത്രിയെ ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നത്.
ജലീലിനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ഇഡിക്കും എന്‍ഐഎയ്ക്കും നല്കിയ മൊഴി കസ്റ്റംസ് ശേഖരിക്കും. ഇവ വിശദമായി പരിശോധിച്ച ശേഷമേ മന്ത്രി ജലീലിനെ ചോദ്യം ചെയ്യുകയുള്ളൂവെന്നാണു ലഭിക്കുന്ന സൂചന. ഇന്നലെ കസ്റ്റംസ് കമ്മീഷണറും ഇഡി ഡയറക്ടറും ചര്‍ച്ച നടത്തിയിരുന്നു.
എന്‍ഐഎയ്ക്കു മുമ്പാകെ മന്ത്രി നല്കിയ മൊഴിയും പരിശോധിക്കും.നയതന്ത്ര ബാഗേജിലൂടെ കൊണ്ടുവരുന്നതു കോണ്‍സുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇതു വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.
ഈ സാഹചര്യത്തിലാണ് യുഎഇ കോണ്‍സുലേറ്റിനെതിരേ കേസെടുത്തത്. യുഎഇ കോണ്‍സുലേറ്റ് മന്ത്രിയെ ബന്ധപ്പെടുകയാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ പറയുന്നത്. ഇതിന്റെ ഭാഗമായി ജലീലില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാനും കസ്റ്റംസിന് അധികാരമുണ്ട്.
മന്ത്രിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും തയാറെടുക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക പ്രതിഷേധത്തിനൊരുങ്ങി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഇതോടെ വീണ്ടും ആളിക്കത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന മുന്നറിയിപ്പ്.
ഇഡി, എന്‍ഐഎ എന്നീ അന്വേഷണ ഏജന്‍സികള്‍ മന്ത്രിയെ ചോദ്യം ചെയ്തതിനു പിന്നാലെ 385 കേസുകളാണ് സംസ്ഥാന വ്യാപകമായി പോലീസ് രജിസ്റ്റര്‍ ചെയ്തത്. 1,131 പേരെ അറസ്റ്റ് ചെയതു. കസ്റ്റംസ് ചോദ്യം ചെയ്യല്‍കൂടി ആവുമ്പോള്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു പോലീസ് പറയുന്നത്.