കൊച്ചി: നയതന്ത്ര ബാഗേജുവഴി എത്തിയ മതഗ്രന്ഥം ചട്ടം ലംഘിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യും.
ഇന്നു ചോദ്യം ചെയ്യുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നതെങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ മന്ത്രിയെ കസ്റ്റംസ് വിളിച്ചുവരുത്തുമെന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നത്.
ആദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിന്നീട് എന്‍ഐഎയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. എയര്‍ കാര്‍ഗോ വിഭാഗത്തില്‍ നിന്ന് കോണ്‍സുലേറ്റിലേക്ക് പാഴ്സല്‍ കൊണ്ടുപോയ ലോറി ഡ്രൈവറിനെയും ഉടമയേയും കഴിഞ്ഞ ദിവസം കസ്റ്റംസ് കൊച്ചിയില്‍ ചോദ്യം ചെയ്തിരുന്നു.
ഇവരില്‍നിന്നു ലഭിച്ച മൊഴിയിലും മന്ത്രി മറ്റു രണ്ട് അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴിയിലും കൂടുതല്‍ വ്യക്തത വരുത്തുന്നതിനും പൊരുത്തക്കേടുകള്‍ പരിശോധിക്കുന്നതിനുമാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്.
പാഴ്സല്‍ എത്തിച്ച സി-ആപ്റ്റില്‍ കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സി എത്തി പരിശോധന നടത്തി. സി ആപ്റ്റിന്റെ ഉദ്യോഗസ്ഥരേയും കസ്റ്റംസ് വൈകാതെ ചോദ്യം ചെയ്യും. സി ആപ്റ്റിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചാണ് മതഗ്രന്ഥങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോയതെന്ന് കസ്റ്റംസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ലഗേജുകള്‍ എവിടെയൊക്കെ കൊണ്ടുപോയി, ആര്‍ക്കൊക്കെ കൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് അറിയുന്നതിനായി സി ആപ്റ്റിന്റെ ജീവനക്കാരെ കസ്റ്റംസ് ചോദ്യം ചെയ്യുക.
സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎഇ കോണ്സുലേറ്റിലേക്കു കൊണ്ടുവന്ന 17,000 കിലോഗ്രാം ഈന്തപ്പഴം എവിടെ വിതരണചെയ്തുവെന്ന കാര്യത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.
സംസ്ഥാന സാമൂഹികനീതി വകുപ്പിൻരെ കീഴിലുള്ള സ്പെഷല്‍, ബഡ്സ് സ്കൂളുകളില്‍ ഈന്തപ്പഴം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇങ്ങനെ വിതരണം ചെയ്തതിന്റെ കണക്കാണ് സാമൂഹികക്ഷേമ വകുപ്പിനോട് കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെട്ടത്. ഈന്തപ്പഴ വിതരണത്തിന്റെ കണക്ക് ലഭ്യമാക്കണമെന്ന് വകുപ്പ് ജില്ലാ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്കി. കസ്റ്റംസ് ആവശ്യപ്പെട്ട വിവരങ്ങള്‍ നാളെ കൈമാറുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്.