സ്വന്തം ലേഖകന്‍
കൊച്ചി: യുഎഇ കോൺസുലേറ്റുവഴി എത്തിയ മതഗ്രന്ഥം വിതരണം ചെയ്ത കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും.
തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് മന്ത്രിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. നികുതി ഇളവിലൂടെ കോൺസുലേറ്റിലേക്കു കൊണ്ടുവന്ന മതഗ്രന്ഥം പുറത്ത് വിതരണം ചെയ്തതു ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍.
വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്. നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തിരുന്നു.
നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്തു വിതരണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
എന്‍ഐഎയ്ക്കും എന്‍ഫോഴ്സമെന്റിനും നല്കിയ വിശദീകരണം പരിശോധിച്ച ശേഷമാണു ചോദ്യം ചെയ്യുന്നത്.തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
കേന്ദ്രാനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നിരിക്കെയാണ് സംഭവം വിവാദമായത്. പാഴ്സലില്‍ മതഗ്രന്ഥങ്ങള്‍ തന്നെയാണോ ഉണ്ടായിരുന്നത് എന്നതു സംബന്ധിച്ചും സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.
മുൻകൂർ അനുമതി ആവശ്യം
മറ്റൊരു രാജ്യത്തുനിന്ന് ഇവിടെ മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യാന്‍ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതിവേണം. കേരളസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം.
രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യുഎഇ കോണ്‍സുലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍സുലേറ്റില്‍നിന്നുള്ള ഇത്തരം ഇടപാടുകള്‍ക്ക് താന്‍ കമ്മീഷന് കൈപ്പറ്റിയിരുന്നതായി സ്വപ്ന സുരേഷ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു.
തുറന്നുപറച്ചിൽ കുരുക്കായി
മതഗ്രന്ഥങ്ങള്‍ എല്ലാ വര്‍ഷവും യുഎഇ എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതാണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്.
വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കില്‍ അവ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാന്‍ തയാറാണെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.
മതഗ്രന്ഥമാണ് സി ആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തതെന്ന മന്ത്രിയുടെ തുറന്നു പറച്ചിലാണ് വിനയായത്. ഇത് ജലീലിന് വലിയ കുരുക്കായി മാറുകയാണ്. ഇതോടെ ജലീലിന് നയതന്ത്ര പാഴ്സലിലൂടെ കിട്ടിയ മതഗ്രന്ഥത്തിന്റെ വഴി തേടുകയാണ് കസ്റ്റംസ്.
ഏതു സാഹചര്യത്തിലാണ് മതഗ്രന്ഥങ്ങള്‍ എത്തിയതെന്ന് ജലീല്‍ പറയേണ്ടിവരും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വന്ന ഡിപ്ലോമാറ്റിക് പാഴ്സലുകളെ കുറിച്ചുള്ള വിവരവും കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞു.
ബിനീഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഇഡി റെയ്ഡിനു പിന്നാലെ ജലീൽ അന്വേഷണ ഏജൻസികൾക്കെരിരേ രംഗത്തു വന്നിരുന്നു. എന്റെ വീട്ടിലേക്കു പോരൂ, വീട് തുറന്നുകിടക്കുകയാണ് എന്നാണ് ജലീൽ വെല്ലുവിളിച്ചത്.
ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ജലീലിനു കസ്റ്റംസ് നോട്ടീസ് നൽകിയത്.