സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തു വിട്ടയച്ചു. ഇന്നലെ രാവിലെ ആറോടെ എന്‍ഐഎ കൊച്ചി ഓഫീസിലെത്തിയ മന്ത്രിയെ വൈകുന്നേരം അഞ്ചിനാണ് പുറത്തു വിട്ടത്.
പത്തു മണിക്കൂര്‍ ഓഫീസില്‍ ചെലവഴിച്ച മന്ത്രിയെ എട്ടുമണിക്കൂർ ചോദ്യംചെയ്തെന്നാണു വിവരം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞയാഴ്ച രണ്ടു ദിവസം ജലീലിനെ ചോദ്യം ചെയ്തിരുന്നു.
ചോദ്യംചെയ്യലിനുശേഷം പുഞ്ചിരിച്ചുകൊണ്ടാണ് ജലീൽ പുറത്തേക്കു വന്നതെങ്കിലും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് എന്‍ഐഎ കേന്ദ്രങ്ങളില്നിന്നറിയുന്നത്. മൊഴികൾ വിശകലനം ചെയ്തശേഷം വീണ്ടും ചോദ്യംചെയ്യാനുള്ള സാധ്യതയുണ്ട്.
ചട്ടപ്രകാരമല്ലാതെ യുഎഇയിൽനിന്നെത്തിയ മതഗ്രന്ഥങ്ങൾ സംബന്ധിച്ച സംശയങ്ങളാണ് മന്ത്രിയെ സംശയക്കുരുക്കിലാക്കിയിരിക്കുന്നത്. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്കു കൊണ്ടുപോകുന്നതിനായി മന്ത്രി ചെയര്‍മാനായ സി ആപ്റ്റിന്റെ വാഹനമാണ് ഉപയോഗിച്ചത്.
ഈ വാഹനത്തില്‍ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നെങ്കിലും തൃശൂരിലെത്തിയശേഷം പ്രവര്‍ത്തിച്ചിരുന്നില്ല. മതഗ്രന്ഥങ്ങള്‍ അടങ്ങിയ പാഴ്സലിന്റെ ഭാരത്തില്‍ വന്ന വ്യത്യാസവും സംശയത്തിനിടയാക്കി.
സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷുമായുള്ള ബന്ധവും യുഎഇ കോണ്‍സലേറ്റുമായുള്ള ക്രമരഹിതമായ ബന്ധവും ചോദിച്ചറിഞ്ഞു. കോണ്‍സലേറ്റ് ഉദ്യോഗസ്ഥ എന്ന ബന്ധമാണ് സ്വപ്നയുമായുള്ളതെന്നായിരുന്നു ജലീലിന്റെ മറുപടി.
സി ആപ്റ്റിന്റെ ലോറിയില്‍ മലപ്പുറത്തെത്തിച്ചതു മതഗ്രന്ഥമായിരുന്നുവെന്നും മറുപടി നല്കി. പാഴ്സലിലുണ്ടായിരുന്നതു പൂര്‍ണമായും മതഗ്രന്ഥങ്ങളല്ലെന്നതിന് എന്‍ഐഎ തെളിവു നിരത്തിയപ്പോൾ മറുപടി പറയാൻ ജലീല്‍ വിഷമിച്ചു.
ജലീല്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയതു സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നു. കേന്ദ്രാനുമതിയില്ലാതെ യുഎഇ കോണ്‍സലേറ്റ് വഴി വന്ന മതഗ്രന്ഥങ്ങൾ സ്വീകരിച്ചു വിതരണം ചെയ്തത് എങ്ങനെ?
മതഗ്രന്ഥവുമായി വന്ന ലോറി എന്തിനാണ് മലപ്പുറത്തുനിന്നു കര്‍ണാടകയിലേക്കു പോയത്? മുന്‍പു പ്രവര്‍ത്തിച്ചിരുന്ന പഴയ സംഘടനകളുമായി ജലീലിന് ഇപ്പോഴും ബന്ധമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളുമുണ്ടായി.
സ്വര്‍ണക്കടത്തുകേസിലെ സ്വപ്നയടക്കമുള്ള പ്രതികളുടെ മൊഴികളും രേഖകളും മുന്നില്‍ വച്ചാണ് ജലീലിനെ ചോദ്യംചെയ്തത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ സ്വകാര്യവാഹനത്തില്‍ പുലർച്ചെയാണ് ജലീൽ എന്‍ഐഎ ഓഫീസിലെത്തിയത്.
ചോദ്യം ചെയ്യൽ നടക്കുന്പോള് ഓഫീസിനു പുറത്തു പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിൽ കനത്ത പ്രതിഷേധമുണ്ടായി. ഇവരെ തടയാന്‍ പോലീസ് സന്നാഹവും ഒരുങ്ങിനിന്നിരുന്നു.
മനസില്‍നിന്നു ഭാരമിറക്കി: ജലീല്‍
കൊച്ചി: മനസില്‍നിന്ന് ഒരു ഭാരം ഇറക്കിവച്ചെന്നും താന്‍ വളരെ സന്തോഷവാനാണെന്നും എൻഐഎയുടെ ചോദ്യംചെയ്യലിനുശേഷം മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചു. പുകമറ സൃഷ്ടിച്ച പല കാര്യങ്ങളിലും വ്യക്തത വരുത്താന്‍ സാധിച്ചിട്ടുണ്ട്.
മറുപടികളില്‍ എന്‍ഐഎ തൃപ്തരാണെന്നാണ് മനസിലാക്കാനായതെന്നും മാധ്യമപ്രവര്‍ത്തകരോടു ടെലിഫോണില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.