തിരുവനന്തപുരം: പ്രതിപക്ഷം രാജിക്കായി തെരുവിൽ ഇറങ്ങിയതോടെ ഇഡി ചോദ്യം ചെയ്യലിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല- ഫേസ്ബുക്ക് കുറുപ്പിൽ മന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഉച്ചവരെ ജലീൽ ഇഡി ഓഫീസിൽ തുടർന്നെന്നാണ് റിപ്പോർട്ട്. യുഎഇ കോൺസുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, നയതന്ത്ര മാർഗത്തിലെത്തിയ മതഗ്രന്ഥങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയിൽനിന്നും ഇഡി ചോദിച്ചറിഞ്ഞത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. വളരെ രഹസ്യമായാണ് മന്ത്രി ഇഡി ഓഫീസിൽ എത്തിയത്. ആലപ്പുഴ അരൂരിൽ സുഹൃത്തായ വ്യവസായിയുടെ വീട്ടിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് കൊച്ചിയിലേക്ക് പോയത്.
ചോദ്യം ചെയ്യൽ കഴിഞ്ഞ് തിരിച്ച് അരൂരിലെത്തിയ മന്ത്രി ഇവിടെനിന്നും ഔദ്യോഗിക വാഹനത്തിൽ മലപ്പുറത്തേക്ക് മടങ്ങി. വ്യാഴാഴ്ച വൈകിട്ട് ജലീൽ ആലുവയിൽ എത്തിയിരുന്നു. ഇവിടെനിന്നും രാവിലെ അരൂരിൽ എത്തി സ്വകാര്യ വാഹനത്തിൽ കൊച്ചിയിലേക്കുപോയി. എൻഫോഴ്സ്മെന്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും ജലീലിൽ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.