കോട്ടയം: ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നു ഇന്നു രാവിലെ മന്ത്രി കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകുന്നത്.
എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോടു സഹതാപമേ ഉള്ളൂ.
സാക്ഷിയായി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് “നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ” എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്.
ഈ ഭൂമുഖത്ത് അകെ പത്തൊൻപതര സെന്റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെ പേടിക്കാൻ?
ഒരു വാഹനമോ ഒരു പവൻ സ്വർണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? – ജലീൽ പറയുന്നു.