ഹരിപ്പാട്: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവൻ അപകടത്തിലായ അബ്ദുൽ ജലീലിന് (48) കൈത്താങ്ങായി പ്രാദേശിക കൂട്ടായ്മ. വൃക്ക മാറ്റിവെക്കാൻ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്ന പല്ലന ചെന്പം പറന്പിൽ അബ്ദുൽ ജലീലിനാണ് നാട്ടുകാരുടെ കൈത്താങ്ങ് പ്രതീക്ഷയാകുന്നത്.
10 ലക്ഷം രൂപയാണ് കൂട്ടായ്മയിലൂടെ സമാഹരിച്ചത്. സൗദിയിൽ പ്രവാസിയായിരുന്ന അബ്ദുൽ ജലീൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കരോഗമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് 2018 ഫെബ്രുവരി ഏഴിന് നാട്ടിലേക്ക് കയറ്റി വിടുകയും എയർ പോർട്ടിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇരുവൃക്കകളും പൂർണമായും തകരാറിലാണെന്നും ഒരു വൃക്ക അടിയന്തരമായി മാറ്റിവയ്ക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഭാര്യ ഹസീനയുടെ വൃക്ക യോജിക്കുമെന്ന് കണ്ടെത്തുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്തു. ഫെബ്രുവരി രണ്ടിന് ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിച്ച് നൽകിയെങ്കിലും സാന്പത്തിക പരാധീനത കാരണം ശസ്ത്രക്രിയ നടന്നില്ല.
ആഴ്ചയിൽ ആറ് ഡയാലിസിസ് നടത്തി മുന്നോട്ട് പോയെങ്കിലും ആരോഗ്യം അനുദിനം വഷളായി. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയാണ് സുമനസുകൾ രംഗത്തുവന്നത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായനിധി രൂപവത്കരിച്ച് നടത്തിയ പ്രവർത്തനത്തിൽ സമാഹരിച്ച 10 ലക്ഷം രൂപ കഴിഞ്ഞ ദിവസം അബ്ദുൽ ജലീലിന് കൈമാറി.
ചടങ്ങിൽ അബ്ദുൽ റസാക്ക്, ഷറഫുദ്ദീൻ, വിനോദ്കുമാർ പാണ്ടവത്ത്, സി. ശ്യാം സുന്ദർ, മുഹമ്മദലി കുളയിത്തറ, അഷ്റഫ് കൊച്ചുതൈക്കൽ, സമീർ കുറ്റിക്കാട് എന്നിവർ പങ്കെടുത്തു.